ലൈഗര്‍, ഫാമിലി സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ പരാജയങ്ങള്‍ക്ക് ശേഷം വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ്ഡം. വിജയിയുടെ ഗംഭീര തിരിച്ച് വരവായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരൊന്നടങ്കം പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ മുതല്‍ ഓരോ അപ്ഡേറ്റും ഈ ഹൈപ്പ് ഉയര്‍ത്തുന്നതായിരുന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്.
ജേഴ്സി എന്ന ഹിറ്റിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മലയാള നടന്‍ വെങ്കിടേഷും എത്തുന്നുണ്ട്. ഇപ്പോള്‍ വെങ്കിടേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിജയ് ദേവരകൊണ്ടയുടെ പോസ്റ്റാണ് സൈബറിടങ്ങളില്‍ ഹിറ്റ്.
‘ഇത് അദ്ദേഹത്തിന്റെ വെറും നാലാമത്തെ ചിത്രം മാത്രമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ ഇത് അവന്റെ ലോകമാണ് എന്നാണ് എനിക്ക് തോന്നിയത്. കിടിലന്‍ ആക്ടര്‍ ആണ് വെങ്കി. തീക്ഷ്ണതയുള്ള കണ്ണുകളാണ് അവന്. നമുക്ക് പിടിച്ച നില്‍ക്കാന്‍ കഴിയാത്ത അത്ര എനര്‍ജിയും വളരെ മനോഹരമായ വ്യക്തിത്വത്തിന് ഉടമയുമാണ്. ഈ സിനിമ തീര്‍ച്ചയായും അവന്റെ കരിയറിലെ ഒരു നാഴികക്കല്ലാകും,’ വിജയ് ദേവരകൊണ്ട പറയുന്നു.
വെങ്കിടേഷിന്റെ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററും അദ്ദേഹം ഒപ്പം പങ്കുവെച്ചിട്ടുണ്ട്. മുരുഗന്‍ എന്ന വില്ലന്‍ വേഷത്തിലാണ് വെങ്കിടേഷ് എത്തുന്നത്. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വെങ്കിടേഷ് സിനിമ ലോകത്തേക്ക് എത്തുന്നത്.
അതേസമയം വെങ്കിടേഷിനെ കൂടാതെ മലയാളത്തില്‍ നിന്ന് ബാബുരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇരുവരെയും കൂടാതെ അണിയറയിലും മലയാളി സാന്നിധ്യമുണ്ട്. ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി. ജോണ്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഭാഗ്യശ്രീ ബോസാണ് നായിക. സത്യദേവ് കഞ്ചരയും ചിത്രത്തില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ നവീന്‍ നൂലിയാണ് കിങ്ഡത്തിന്റെ എഡിറ്റര്‍. അനിരുദ്ധന്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്.
തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് ശ്രീലങ്കയിലേക്ക് പോകുന്ന സൂര്യ എന്ന പൊലീസ് കോണ്‍സ്റ്റബിളായാണ് വിജയ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീലങ്കയിലെത്തുന്ന സൂര്യ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 31ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vijay Deverakonda Talks About Venkitesh