കംപ്ലീറ്റ് ആക്ടർ ആരാണെന്നുള്ള വിജയ് ദേവരകൊണ്ടയുടെയും രശ്‌മികയുടെയും മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിലെ പ്രധാന ചർച്ച. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ ‘കംപ്ലീറ്റ് ആക്ടർ’ ആരാണെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന മറുപടി വന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. പിന്നാലെ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിൽ മോഹൻലാലിന്റെ പേരും ചിത്രങ്ങളും നിറച്ച് മലയാളി ആരാധകരും എത്തിയിട്ടുണ്ട്.
പരിപാടിക്കിടെ തെന്നിന്ത്യൻ താരങ്ങൾക്ക് ആരാധകർ നൽകിയ വിശേഷണങ്ങൾ കേട്ട് താരങ്ങളെ തിരിച്ചറിയുന്ന ഒരു ടാസ്കിലായിരുന്നു ഇരുവരും പങ്കെടുത്തത്. ‘ഐക്കൺ സ്റ്റാർ’ ആരാണെന്ന ചോദ്യത്തിന് അല്ലു അർജുനെന്നും ‘റോക്കിങ് സ്റ്റാർ’ ആരാണെന്ന ചോദ്യത്തിന് യഷ് എന്നുമായിരുന്നു രശ്മികയുടെ മറുപടി. എന്നാൽ ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണം കേട്ടതോടെ വിജയ് ദേവരകൊണ്ട തമാശയായി ‘ഞാനാണോ?’ എന്ന് ചോദിച്ചു. തുടർന്ന് ഈ വിശേഷണം മോഹൻലാലിനെയാണ് സൂചിപ്പിക്കുന്നതെന്ന് കരൺ ജോഹർ പറഞ്ഞപ്പോൾ ഇരുവരും അത്ഭുതത്തോടെ പ്രതികരിക്കുകയായിരുന്നു.
കോഫി വിത്ത് കരൺ, രശ്മിക. Photo. Screen Grab/ Youtube
ഇതിനു പിന്നാലെയാണ് മോഹൻലാൽ ആരാധകർ ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിലെ കമന്റ് ബോക്സുകളിൽ എത്തിയത്. മോഹൻലാലിന്റെ ചിത്രങ്ങളും പേരും കമന്റുകളായി പങ്കുവെച്ചാണ് പലരും പ്രതികരിക്കുന്നത്. ലാലേട്ടന്റെ ആരാധകർ തങ്ങളുടെ പ്രിയതാരത്തെ ഓർമിപ്പിക്കുന്ന തിരക്കിലാണെന്നാണ് സോഷ്യൽ മീഡിയയിലെ ഈ കാഴ്ച സൂചിപ്പിക്കുന്നത്.
കോഫി വിത്ത് കരൺ,Photo. Screen Grab/ Youtube
മലയാള സിനിമയിൽ മോഹൻലാലിന് ലഭിച്ചിട്ടുള്ള ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണം മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. എന്നാൽ തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ നിന്നുള്ള താരങ്ങൾക്കിടയിൽ ഈ വിശേഷണം എത്രത്തോളം അറിയപ്പെടുന്നു എന്ന ചർച്ചയ്ക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. തമാശയായി തുടങ്ങിയ ഒരു ക്വിസ് നിമിഷം ഇപ്പോൾ മോഹൻലാൽ ആരാധകരുടെ കമന്റ് ബോക്സ് പ്രതികരണങ്ങളിലേക്കും നീളുകയാണ്.
Content Highlight: Vijay Deverakonda and Rashmika’s response regarding who the ‘complete actor’ is has now become a major topic of discussion among fans on social media