| Sunday, 27th July 2025, 8:48 am

ആറ് വര്‍ഷത്തെ ക്ഷീണം മൊത്തം ഈയൊരു സിനിമയിലൂടെ തീര്‍ക്കും, ഞെരിപ്പ് ട്രെയ്‌ലറുമായി വിജയ് ദേവരകൊണ്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച നടന്മാരിലൊരാളാണ് വിജയ് ദേവരകൊണ്ട. നുവ്വിലാ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ വിജയ് ദേവരകൊണ്ട വളരെ വേഗത്തില്‍ തെലുങ്കിലെ മുന്‍നിരയിലേക്കുയര്‍ന്നു. ഗീതാ ഗോവിന്ദം, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിന് പുറത്തേക്കും അറിയപ്പെട്ടു.

എന്നാല്‍ ഗീതാ ഗോവിന്ദത്തിന് ശേഷം താരത്തിന് എടുത്തുപറയാന്‍ തക്ക ഹിറ്റുകളൊന്നും ലഭിച്ചിരുന്നില്ല. വലിയ പ്രതീക്ഷയിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പാന്‍ ഇന്ത്യന് റിലീസായെത്തിയ ലൈഗര്‍ ട്രോള്‍ മെറ്റീരിയലായി മാറി. പിന്നാലെയെത്തിയ ഫാമിലി സ്റ്റാറും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.

ഒരുവര്‍ഷത്തിന് ശേഷം താരം നായകനായെത്തുന്ന ചിത്രമാണ് കിങ്ഡം. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. താരത്തിന്റെ ഗംഭീര തിരിച്ചുവരവാകും കിങ്ഡം എന്ന് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ മുതല്‍ ഓരോ അപ്‌ഡേറ്റും ക്വാളിറ്റിയുള്ളവയായിരുന്നു.

ജേഴ്‌സി എന്ന ഹിറ്റിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് ശ്രീലങ്കയിലേക്ക് പോകുന്ന സൂര്യ എന്ന പൊലീസ് കോണ്‍സ്റ്റബിളായാണ് വിജയ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീലങ്കയിലെത്തുന്ന സൂര്യ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥ.

ക്യാമറക്ക് മുന്നിലും പിന്നിലും മലയാളികളുടെ സാന്നിധ്യമുണ്ട് എന്നതും ചിത്രത്തിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്. ഗിരീഷ് ഗംഗാധരന്‍, ജോമോന്‍ ടി. ജോണ്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വെങ്കിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ബാബുരാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തെലുങ്കില്‍ നിലവിലെ സെന്‍സേഷനായി മാറിയ ഭാഗ്യശ്രീ ബോസാണ് നായിക. സത്യദേവ് കഞ്ചരയും ചിത്രത്തില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ നവീന്‍ നൂലിയാണ് കിങ്ഡത്തിന്റെ എഡിറ്റര്‍. അനിരുദ്ധ് ഒരുക്കിയ സംഗീതം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ജൂലൈ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vijay Devarakonda’s Kingdom movie trailer becomes sensation

We use cookies to give you the best possible experience. Learn more