തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെ വിവാഹമാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ പ്രധാനചര്‍ച്ച. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇരുവരുടെയും വിവാഹചിത്രങ്ങള്‍.
ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന റെക്കോര്‍ഡാണ് ഈ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ ലോകകപ്പ് പോസ്റ്റിനെ മറികടന്നാണ് വിജയ്-രശ്മിക വിവാഹചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയത്. 22.8 മില്ല്യണായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പോസ്റ്റിന് ലഭിച്ചത്.
അതേസമയം 24. 8 മില്ല്യണ്‍ ലൈക്കുകളും മുപ്പത്തിരണ്ടായിരത്തിലേറെ കമന്റുകളാണ് വിജയ്-രശ്മിക വിവാഹചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ആരാധകര്‍ ഏറെ കാത്തിരുന്ന താരവിവാഹങ്ങളിലൊന്നായിരുന്നു വിജയ്-രശ്മിക മന്ദനയുടേത്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഐ.ടി.സി മെമന്റോസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം താരങ്ങള്‍ തന്നെയാണ് വിവാചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ചിത്രങ്ങള്‍ വൈറലായി.
ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്നു. എന്നാല്‍ വിവാഹ പ്രഖ്യാപനം വരെ താരങ്ങള്‍ ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. വിവാഹ ശേഷം പബ്ലിക്കിന് മുന്നില്‍ ആദ്യമായി വിജയ്‌ദേവരകൊണ്ടയും രശ്മികയും എയര്‍പോട്ടില്‍ എത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
Content Highlight: Vijay Devarakonda-Rashmika Mandhana wedding pictures become most liked Instagram post in India