| Saturday, 17th October 2026, 10:43 am

നിങ്ങള്‍ രണ്ടുപേര്‍ക്കും മാസ് പരിപാടി പറ്റില്ലെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ? പാരഡൈസിന് പിന്നാലെ രണബാലി ഫ്‌ളോപ്പായതിന് പിന്നാലെ സിനിമാപേജുകള്‍

അമര്‍നാഥ് എം.

നെപ്പോട്ടിസം കൊടികുത്തി വാഴുന്ന തെലുങ്ക് സിനിമയില്‍ യാതൊരു പിന്തുണയുമില്ലാതെ മുന്‍നിരയിലേക്കുയര്‍ന്ന താരങ്ങളാണ് നാനിയും വിജയ് ദേവരകൊണ്ടയും. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച നാനി രാജമൗലിയുടെ ഈഗയിലൂടെയാണ് ശ്രദ്ധ നേടിയത്. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച വിജയ് ദേവരകൊണ്ടക്ക് ബ്രേക്ക്ത്രൂവായത് അര്‍ജുന്‍ റെഡ്ഡിയായിരുന്നു.

എന്നാല്‍ തെലുങ്കില്‍ തിളങ്ങണമെങ്കില്‍ മാസ് ഹീറോയായി മാറണമെന്നാണ് അലിഖിത നിയമം. ഇരുവരുടെയും ഏറ്റവുമൊടുവിലത്തെ ചിത്രമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച. രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. നാനിയുടെ പാരഡൈസ് ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായപ്പോള്‍ വിജയ് ദേവരകൊണ്ടയുടെ രണബാലിയാകട്ടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്.

പീരിയോഡിക്കല്‍ ഡ്രാമയായി ഒരുങ്ങിയ രണബാലിക്ക് ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടാനായത് വെറും 16 കോടി മാത്രമാണ്. 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം നിര്‍മാതാവിനും വിതരണക്കാരിനും ലാഭമാകണമെങ്കില്‍ മിനിമം 130 കോടിയെങ്കിലും ആവശ്യമാണ്. 50 കോടിയെങ്കിലും ചിത്രം നേടാന്‍ സാധ്യതയില്ലെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

1800കളില്‍ ആന്ധ്രയില്‍ നടക്കുന്ന കഥയാണ് രണബാലിയുടേത്. ബ്രിട്ടീഷ് ക്രൂരതകള്‍ക്കെതിരെ പോരാടുന്ന രണബാലി എന്ന വീരനായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. രഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മോശം പ്രതികരണങ്ങള്‍ കാരണം പലയിടത്തും ചിത്രത്തിന്റെ പല ഷോയും ക്യാന്‍സല്‍ ചെയ്യേണ്ടി വന്നത് വലിയ വാര്‍ത്തയാണ്.

അതേസമയം നാനിയുടെ അവസ്ഥ ഇതിലും കഷ്ടമാണ്. 100 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ പാരഡൈസ് പ്രീമിയര്‍ ഷോയില്‍ തന്നെ നെഗറ്റീവ് റെസ്‌പോണ്‍സാണ് സ്വന്തമാക്കിയത്. കെ.ജി.എഫിലൂടെ യഷ് സൂപ്പര്‍സ്റ്റാറായി മാറിയതുപോലെ പാരഡൈസ് നാനിയുടെ കരിയര്‍ മാറിമറിയുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ചിത്രം നെഗറ്റീവ് റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെ നാനിയെ പലരും വിമര്‍ശിച്ചിരിക്കുകയാണ്.

ഫീല്‍ ഗുഡ് റോം കോം സിനിമകളിലൂടെയാണ് നാനിയും വിജയ്‌യും ശ്രദ്ധ നേടിയത്. ഒട്ടും ചേരാത്ത മാസ് ഴോണറില്‍ അനാവശ്യ പരീക്ഷണം നടത്തി കരിയര്‍ നശിപ്പിക്കാതെ സേഫ് സോണിലുള്ള സിനിമകള്‍ ചെയ്തുകൂടെയെന്നാണ് പലരും ഇരുവരോടും ചോദിക്കുന്നത്. എന്നാല്‍ ഇരുവരുടെയും അടുത്ത പ്രൊജക്ടുകളും മാസ് ആക്ഷന്‍ ഴോണറിലുള്ളതാണ്.

Content Highlight: Vijay Devarakonda and Nani getting criticisms after Paradise and Ranabaali getting flop

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more