| Saturday, 3rd October 2026, 6:17 pm

ടി.വി.കെ സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം: സ്റ്റാലിന്റേത് അശ്ലീലവും മാന്യതയില്ലാത്തതുമായ പരാമര്‍ശമെന്ന് വിജയ്

റെന്വര്‍ പി

ചെന്നൈ: തമിഴ്‌നാട്ടില്‍ ധരാപുരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ ടി.വി.കെ സ്ഥാനാര്‍ത്ഥി സത്യഭാമക്കെതിരെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി വിജയ്. ടി.വി.കെ സ്ഥാനാര്‍ത്ഥിക്കെതിരെ സ്റ്റാലിന്‍ അശ്ലീലവും മാന്യതയില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞ വിജയ് ഡി.എം.കെയില്‍ നിന്ന് വരുന്ന ഇത്തരം പരാമര്‍ശങ്ങളുടെ കാരണക്കാരന്‍ സ്റ്റാലിനാണെന്നും അഭിപ്രായപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം.

‘ധരാപുരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ മറവില്‍, ഡി.എം.കെ എന്ന തിന്മ നിറഞ്ഞ ശക്തിയുടെ നേതാവായ എം.കെ. സ്റ്റാലിന്‍ അശ്ലീലവും മാന്യതയില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഒരു പ്രയോഗം നടത്തി.

ധരാപുരം മണ്ഡലത്തിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ശ്രീമതി സത്യഭാമയുടെ ശാരീരിക രൂപത്തെ പരിഹസിക്കുകയും അങ്ങേയറ്റം സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ അവര്‍ക്കെതിരെ നടത്തുകയും ചെയ്തതില്‍ അദ്ദേഹം വികൃതമായ ആനന്ദം കണ്ടെത്തി,’ തമിഴ്‌നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

‘ഡി.എം.കെയില്‍ നിന്ന് വരുന്ന അശ്ലീലം, വിദ്വേഷം, വികൃതമായ മനോഭാവം എന്നിവയ്ക്ക് കാരണക്കാരന്‍ താനാണെന്ന്, അതായത്, ശ്രീ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന വ്യക്തിയാണെന്ന്അദ്ദേഹം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും സമ്മതിച്ചിരിക്കുന്നു. ഇതൊരു കുറ്റസമ്മതം തന്നെയാണ്.

ഡി.എം.കെ ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനമാണ്. അശ്ലീലവും വിദ്വേഷവും വികൃതമായ മനോഭാവവും ഡി.എം.കെയുടെ ഡി.എന്‍.എയിലും ചിന്താഗതിയിലും തന്നെ അലിഞ്ഞുചേര്‍ന്നതാണെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പണ്ടേ ബോധ്യപ്പെട്ടതാണ്,’ എന്നും വിജയ് പറയുന്നു.

സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുകയും, അവര്‍ക്കുണ്ടാകുന്ന അസ്വസ്ഥതയും അറപ്പുളവാകുന്ന സാഹചര്യവും ഡി.എം.കെ പരിഗണിക്കുന്നില്ല. സ്ത്രീകളുടെ സാന്നിധ്യത്തില്‍ പോലും അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഡി.എം.കെ കുപ്രസിദ്ധരാണ്. ‘ ഈ മോശം ശക്തിക്ക് തക്കതായ മറുപടി നല്‍കാന്‍ തമിഴ്നാട്ടിലെ ജനങ്ങളും, പ്രത്യേകിച്ച് ധരാപുരം മണ്ഡലത്തിലെ വോട്ടര്‍മാരും ഒരുങ്ങിക്കഴിഞ്ഞു,’ എന്നും വിജയ് കുറിച്ചു.

‘തമിഴ്നാട്ടിലെ സ്ത്രീകളുടെ മകനായും ചേട്ടനായും അനുജനായും നിലകൊള്ളുന്ന ഒരാളെന്ന നിലയില്‍, സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുന്ന പതിവ് ശീലമുള്ള ഡി.എം.കെ എന്ന മോശം ശക്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു,’ വിജയ് കൂട്ടിച്ചേര്‍ത്തു.

ടിവികെ സ്ഥാനാര്‍ത്ഥി സത്യഭാമക്കെതിരെ ‘പെട്ടി ഭാമ’ എന്ന അധിക്ഷേപ പരാമര്‍ശമായിരുന്നു സ്റ്റാലിന്‍ നടത്തിയത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ബോഡിഷെയിം ചെയ്യുകയാണ് സ്റ്റാലിന്‍ നടത്തിയതെന്നും സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നും ടി.വി.കെ നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

ധരാപുരത്ത് നടന്ന പ്രചാരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. പണം വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് സത്യഭാമ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ടി.വി.കെയിലേക്ക് മാറിയതെന്ന് ഡി.എം.കെ നേതാക്കള്‍ ആരോപിച്ചിരുന്നു. സത്യഭാമ മറുകണ്ടം ചാടിയ നേതാവാണെന്നും പ്രചാരണ യോഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

‘ജനങ്ങളേ, നിങ്ങളെന്താണ് ഇപ്പോള്‍ അവരെ വിളിക്കുന്നത്? പെട്ടി ഭാമ. വേറൊരു പേരും കൂടിയുണ്ട്, ‘പാല്‍റ്റി ഭാമ’ (മറിഞ്ഞു വീഴുന്നവള്‍/മറുകണ്ടം ചാടിയവള്‍). അങ്ങനെയൊരു ശരീരപ്രകൃതിയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് അത്തരമൊരു ‘മറിഞ്ഞു വീഴല്‍’ സാധ്യമായതെന്ന് എനിക്കറിയില്ല,’ എന്നുമായിരുന്നു സ്റ്റാലിന്റെ വിവാദ പരാമര്‍ശം.

സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ സംവാദത്തെ ഏറ്റവും തരംതാഴ്ന്ന പുതിയ നിലയിലേക്ക് എത്തിച്ചുവെന്ന് ടി.വി.കെ മന്ത്രി കീര്‍ത്തന അഭിപ്രായപ്പെട്ടു. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതും അവരുടെ അന്തസ്സ് താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതും ‘തികച്ചും അപലപനീയമാണ്’ എന്നും അവര്‍ പറഞ്ഞു.

സത്യഭാമയ്ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയും അവരുടെ ശരീരപ്രകൃതിയെ പരിഹസിക്കുകയും ചെയ്തുവെന്ന് ടി.വി.കെ മന്ത്രി അരുണ്‍രാജ് അഭിപ്രായപ്പെട്ടു. ധരാപുരത്തെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ ഡിഎംകെയിലെ സ്ത്രീകള്‍ക്കെതിരായ ‘അനാദരവ്’ കൂടിയാണ് കാണിക്കുന്നതെന്നും അരുണ്‍ രാജ് പറഞ്ഞു.

Content Highlight: Vijay Critisize MK Stalin and DMK for Deregatory Remarks against TVK’s Dharapuram Candidate Sathyabhama

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more