| Tuesday, 14th April 2026, 7:32 pm

മങ്കിപെന്നിലെ പപ്പന്‍ സാറും വാഴ 2വിലെ മുജീബ് മാഷും; ക്രൂരന്മാരായ കഥാപാത്രങ്ങള്‍ വന്ന വഴിയെക്കുറിച്ച് വിജയ് ബാബു

അശ്വിന്‍ രാജേന്ദ്രന്‍

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിര്‍മാതാവും അഭിനേതാവുമാണ് വിജയ് ബാബു. 1982ല്‍ പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് 2010 ന് ശേഷം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ്. താരത്തിന്റെ ആക്ടിങ് കരിയറില്‍ ഏറെ ഫാന്‍ബേസുള്ള കഥാപാത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ സര്‍ബത്ത് ഷമീര്‍.

വിജയ് ബാബു തന്നെ നിര്‍മിച്ച ചിത്രത്തിലൂടെ കോമഡി റോളുകളിലും ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ കരിയറിലെ മറ്റൊരു സുപ്രധാന വേഷമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്നിലേത്. പപ്പന്‍ എന്ന കുട്ടികള്‍ ഭയക്കുന്ന അധ്യാപകനായിട്ടായി മികച്ച പ്രകടനമായിരുന്നു വിജയ് ബാബു കാഴ്ച്ചവെച്ചത്.

ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍. Photo: Netflix USA

ഇപ്പോഴിതാ 180 കോടിയോളം സ്വന്തമാക്കി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന വാഴ 2വിലെ മുജീബ് മാഷാണ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇരുകഥാപാത്രങ്ങളെക്കുറിച്ചും വിജയ് ബാബു ഇന്‍ഡിവുഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ചിത്രത്തിലേക്ക് വിപിന്‍ദാസ് എന്നെ വിളിച്ചപ്പോള്‍ ചേട്ടനിതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ആളുകള്‍ എന്നെയെപ്പോഴും കണ്ടിരിക്കുന്നത് ഇന്‍സൈഡെല്ലാം ചെയ്ത് ഇംഗ്ലീഷ് സംസാരിക്കുന്ന എക്‌സിക്യട്ടീവ് വേഷത്തിലാണ്. ചേട്ടനെ ഇതുവരെ മുണ്ടുടുത്ത് മുറുക്കാനെല്ലാം ചവച്ച് ആരും കണ്ടിട്ടില്ലല്ലോ ഈ സിനിമയില്‍ അങ്ങനെയൊരു കഥാപാത്രമാണെന്ന് പറഞ്ഞു. മങ്കിപെന്നില്‍ ഞാന്‍ ഒരു മാഷിനെ ചെയ്തിട്ടുണ്ട്, അത് പക്ഷേ അല്പം പോളിഷായിട്ടുള്ള മാഷാണ്.

രണ്ട് പേരും ഒരു വില്ലന്‍ ഷേഡിലാണെങ്കിലും ലുക്കില്‍ മങ്കിപെന്നിലെ നേരെ ഓപ്പോസിറ്റാണ് വാഴയിലെ ക്യാരക്ടര്‍. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം നമ്മള്‍ ചെയ്യാത്ത, അല്ലെങ്കില്‍ ഇമേജ് ബ്രേക്കര്‍ ആയിട്ടുള്ള കഥാപാത്രമായിരുന്നു അത്. ആടിലൂടെ കോമഡി റോളിലേക്ക് എനിക്ക് അത്തരത്തില്‍ ഒരു എന്‍ട്രി ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി എന്താവും എന്ന് കേള്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. കാരണം ആട് 3യുടെയും പടക്കളത്തിന്റെയും ഇടയിലാണ് ഇത് ചെയ്തത്.

സ്‌കൂള്‍ മാഷായത് കൊണ്ട് ഡേ ടൈമില്‍ മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒരു വിധത്തില്‍ അഡ്ജസ്റ്റ് ചെയ്തു. ആടിന്റെ ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷനും നടക്കുന്നതിനിടയിലാണ് വാഴ 2വിന് ഡബ്ബ് ചെയ്തത്, അതുകാരണം എന്റെ ഭാഗം മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ,’ വിജയ് ബാബു പറഞ്ഞു.

വാഴ 2. Photo: X.com

സനൂപ് സന്തോഷ്, ജയസൂര്യ, രമ്യ നമ്പീശന്‍, തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിന്‍ തോമസും ഷാനില്‍ മുഹമദും സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍. വിപിന്‍ ദാസ് തിരക്കഥയെഴുതിയ വാഴ 2വില്‍ അലന്‍, അജിന്‍, വിനായക്, ഹാഷിര്‍, അജു വര്‍ഗീസ്, ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Vijay Babu talks about his characters in Philips and the Monkey pen and Vaazha 2

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more