മലയാളത്തില്‍ പുറത്തിറങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളുടെ നിര്‍മാതാവായും അതിലുപരി മികച്ച കഥാപാത്രങ്ങളെ അഭിനയിപ്പിച്ച് ഫലിപ്പിച്ചും മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ വ്യകതിയാണ് വിജയ് ബാബു. പേര് കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് എന്നും മനസിലേക്ക് വരുന്ന കഥാപാത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ സര്‍ബത്ത് ഷമീര്‍.
ഇതിനൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ശ്രദ്ധിക്കപ്പെട്ട വിജയ് ബാബുവിന്റെ പുതിയൊരു കഥാപാത്രമാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2വിലെ മുജീബ് മാഷ്. കേരള ബോക്‌സ് ഓഫീസില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത സംഖ്യയായ 180 കോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രത്തില്‍ ആട് 3യിലെ ഹാസ്യകഥാപാത്രത്തില്‍ നിന്നും മാറി വില്ലന്‍ ഷേഡുള്ള കഥാപാത്രത്തെയായിരുന്നു താരം കൈകാര്യം ചെയ്തത്.
വിജയ് ബാബു. Photo: Mathrubhumi English
അടുത്തിടെ വമ്പന്‍ ഹിറ്റായ ആട് 3യിലും വാഴ2വിലും നിര്‍ണായക വേഷങ്ങള്‍ കൈകാര്യം ചെയ്ത വിജയ് ബാബു പ്രേക്ഷകര്‍ ഈ കഥാപാത്രങ്ങളെ ഏറ്റെടുത്തതിനെ കുറിച്ച് യൂട്യൂബ് ചാനലായ ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഈ ജെന്‍സിക്കിഷ്ടമുള്ള അല്ലെങ്കില്‍ അവരുടെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അവര്‍ നമ്മളെ അംഗീകരിക്കുന്നത്. അല്ലാതെ നമ്മള്‍ ഇത്രയും പടത്തില്‍ അഭിനയിച്ചിരുന്നുവെന്നതിലും ഇത്രയും കാലം ഇവിടെയുണ്ടായിരുന്നു എന്നതിലൊന്നും ഒരു കാര്യവുമില്ല. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ കുറച്ച് കാലം അഭിനയിക്കാതിരിക്കാറുണ്ട്. പക്ഷേ ആട്, ആട് 2 പോലുള്ള സിനിമകള്‍ ഏഷ്യാനെറ്റിലൂടെ വീടുകളില്‍ സംപ്രേക്ഷണം ചെയ്യുന്നതുകൊണ്ടാണ് നമ്മള്‍ സജീവമായി നില്‍ക്കുന്നു എന്ന് ആളുകള്‍ അറിയുന്നത്.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം അഭിനയിച്ച രണ്ട് പടങ്ങളാണ് വാഴ 2വും ആട് 3യും. ഇത് രണ്ടും ഹിറ്റാകുമ്പോള്‍ നമ്മള്‍ പത്തോ പതിനഞ്ചോ പടത്തില്‍ അഭിനയിക്കുന്ന എഫെക്ട് ലഭിക്കുന്നുണ്ട്. അത് വളരെയധികം സംതൃപ്തി നല്‍കുന്നതാണ്. കാരണം ഒരുപാട് ജോലിയെടുക്കേണ്ടിയും വന്നില്ല എന്നാല്‍ അഭിനയിച്ച രണ്ടും വര്‍ക്കാകുകയും ചെയ്തു. ഇല്ലെങ്കില്‍ നമ്മള്‍ ഔട്ട്‌ഡേറ്റഡ് ആയിപോകും,’ വിജയ് ബാബു പറഞ്ഞു.
വിജയ് ബാബു. Photo: M3DB
നൂറു കോടി ക്ലബ്ബിലെത്തിയ ആട് 3യ്ക്കും വാഴ 2വിനും പുറമെ സൈജു കുറുപ്പ് നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടത്തിലും വിജയ്ബാബു നിര്‍ണായക വേഷത്തിലെത്തിയിട്ടുണ്ട്. മലയാളത്തിലെ തന്നെ ഹിറ്റ് ഫ്രാഞ്ചൈസായ ആടിന്റെ നിര്‍മാതാവും വിജയ് ബാബുവാണ്. ഫ്രൈഡേ ഫിലിം ഹൗസ് ആണ് താരത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി.
Content Highlight: Vijay Babu talks about his characters in Aadu 3 and Vaazha 2