| Monday, 23rd March 2026, 3:37 pm

' ആ അടിമ ഞാനാണാശാനേ…ആ അടിമ ഞാനാണേ’ ആ രംഗം കയ്യിൽനിന്നിട്ടു; പല സീനുകളും അങ്ങനെ തന്നെയായിരുന്നു: വിജയ് ബാബു

നന്ദന എം.സി

മലയാള സിനിമയിൽ അപൂർവമായ വിജയമാണ് ‘ആട്’ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഭാഗം വലിയ പരാജയമായിരുന്നുവെങ്കിലും രണ്ടാം ഭാഗം വൻ വിജയമായി മാറി. ഇപ്പോൾ മൂന്നാം ഭാഗവും തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയും ഉറപ്പാണെന്നാണ് വിലയിരുത്തൽ.

മുൻഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു എപ്പിക് ഫാന്റസി പാക്കേജായാണ് ‘ആട് 3’ എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ ചില ശ്രദ്ധേയ രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിജയ് ബാബു.

ആട്, Photo: IMDb

‘ശശി ആശാനെ കാണാൻ പോകുന്ന സീനിൽ, സ്വിമ്മിംഗ് പൂൾ ഭാഗത്ത് നിന്ന് കാലിൽ വീഴുന്ന രംഗം ഞാൻ കയ്യിൽ നിന്നും ഇട്ടതാണ്. വൈഡ് ഷോട്ടായിരുന്നു, ക്യാമറ പുറത്താണ് വെച്ചിരുന്നത്. ശശി ആശാൻ ഡയലോഗ് പറയുമ്പോഴേക്കും എന്തെങ്കിലും ചെയ്യാമെന്നായിരുന്നു ഞാൻ കരുതിയത്.

അങ്ങനെ ക്യാമറ വെച്ചപ്പോൾ ഞാൻ നേരെ കാലിൽ വീണു. പിന്നെ ഒരു യോഗ പൊസിഷനിൽ നിന്ന് ‘ ആ അടിമ ഞാനാണാശാനേ…ആ അടിമ ഞാനാണേ’ എന്ന് പറയുകയായിരുന്നു. ആ രംഗം കണ്ട മിഥുൻ ‘ഇതിന് കട്ട് വേണ്ട, ഈ ആംഗിൾ മതി’ എന്ന് പറഞ്ഞു. അങ്ങനെ ആ സീൻ എല്ലാവർക്കും ഇഷ്ടമായി.

പിന്നീട് ആ ഡയലോഗ് എല്ലാവരും പറഞ്ഞ് നടക്കാൻ തുടങ്ങി. എന്റെ ഫേവറിറ്റ് സീനുകളിൽ ഒന്നാണ് അത്. ട്രൂ കോളർ സീനും വലിയ ഹിറ്റായിരുന്നു,’ വിജയ് ബാബു പറഞ്ഞു.

വിജയ് ബാബു, Photo: IMDb

കൂടാതെ താൻ ഹ്യൂമർ ഇഷ്ട്ടപെടുന്ന വ്യക്തിയാണെന്നും മറ്റു ചില രംഗങ്ങളും അങ്ങനെ കയ്യിൽ നിന്നും ഇട്ട് ചെയ്തിട്ടുണെന്നും അദ്ദേഹം പറഞ്ഞു.

‘ ബാലയുടെ സീനുകളും അങ്ങനെ തന്നെയാണ്. ഒരുപക്ഷേ എന്നെ ഇൻഫ്ലുവൻസ് ചെയ്ത സിനിമകളുടെ സ്വാധീനം ഉണ്ടായിരിക്കാം. ‘ഷോലെ’യിലെ അസ്രാണി ചെയ്ത കഥാപാത്രം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം വളരെ ലൗഡ്‌ ആയി സംസാരിക്കുന്ന ആളാണ്.

ജയിലിനുള്ളിൽ നിന്ന് എല്ലാവരെയും നോക്കുന്ന ഒരു രംഗമുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് എന്റെ മനസിൽ ഉണ്ടായിരുന്നത്. അതെല്ലാം ഞാൻ എന്റേതായ രീതിയിൽ ചെയ്തതാണ്,’ വിജയ് ബാബു കൂട്ടിച്ചേർത്തു.

Content Highlight: Vijay babu talk about the movie Aadu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more