| Friday, 20th March 2026, 11:55 am

ഡ്രസ്സ് മാറി വന്നാൽ പിന്നെ ഒരു അഴിഞ്ഞാട്ടമാണ്; അത് വരെ കണ്ട ഇന്ദ്രൻസ് ചേട്ടനല്ല: വിജയ് ബാബു

നന്ദന എം.സി

മലയാള സിനിമ മേഖലയിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിൽ വിജയം നേടിയ ചിത്രമാണ് ആട്. ഒന്നാം ഭാഗം തിയേറ്ററിൽ വൻ പരാജയമാകുകയും, എന്നാൽ രണ്ടാം ഭാഗം വമ്പൻ വിജയമാകുകയും ചെയ്തു. ഇപ്പോൾ മൂന്നാം ഭാഗമായ ആട് 3 100 കോടിയിലേക്കുള്ള കുതിപ്പിലാണ്.

മുൻഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു എപ്പിക് ഫാന്റസി പാക്കേജായാണ് ആട് 3 എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ഇപ്പോഴിതാ പി.പി ശശിയായി തിളങ്ങിയ ഇന്ദ്രൻസിനെ കുറിച്ച് പറയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

വിജയ് ബാബു, Photo: Indrans/ Fcaebook

‘ഒരു ആക്ടർ സെറ്റിൽ വരുമ്പോൾ നമുക്ക് അറിയാം. ഒരു സെലിബ്രറ്റി വരുമ്പോൾ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും, ക്യാമറ എടുത്ത് ചിത്രീകരിക്കുന്നതുമെല്ലാം കാണാം. കാറിന്റെ ഡോർ അടയുന്നതും, കാരവാന്റെ ഡോർ തുറക്കുന്നതും, ഫുട്‌സ്റ്റെപ്പുകൾ കയറുന്നതും, കോസ്റ്റ്യൂമർ വസ്ത്രവുമായി എത്തുന്നതും, മേക്കപ്പ് മാൻ കിറ്റുമായി എത്തുന്നതുമൊക്കെ ചേർന്നൊരു മൂവ്മെന്റ് ഉണ്ടാകും.

എന്നാൽ ഇന്ദ്രൻസ് ചേട്ടന്റെ കാര്യത്തിൽ ഇതൊന്നുമില്ല, വന്നതും അറിയില്ല. ചിലർ സെറ്റിന് അടുത്ത് വരെ കാരവാനിൽ വരുമ്പോൾ, ഇന്ദ്രൻസ് ചേട്ടൻ കുറച്ച് ദൂരത്ത് വണ്ടി നിർത്തി നടന്ന് വരും. അതുകൊണ്ട് ഒച്ചയും ബഹളവും ഒന്നുമുണ്ടാകില്ല.

മേക്കപ്പിന്റെ സമയത്ത് മാത്രമാണ് അദ്ദേഹം അകത്ത് കയറുന്നത്. ‘എന്താ ഇന്ദ്രൻസ് ചേട്ടാ ഇവിടെ നിൽക്കുന്നത്?’ എന്ന് ചോദിച്ചാൽ ‘ഒന്നുമില്ല സാർ, കൊഴപ്പമില്ല, ഇവിടെയിരിക്കാം’ എന്ന് പറയും.

ഇന്ദ്രൻസ്, Photo: Indrans/ Facebook

എന്നാൽ ഡ്രസ്സ് മാറി വന്നാൽ പിന്നെ ഒരു അഴിഞ്ഞാട്ടമാണ്. നമ്മൾ ശരിക്കും ഷോക്ക് ആയിപ്പോകും. ഈ പച്ച മനുഷ്യനാണോ ഇങ്ങനെ മാറുന്നത് എന്ന് തോന്നും. അത് വരെ കണ്ട ഇന്ദ്രൻസ് ചേട്ടനല്ല അത്,’ വിജയ് ബാബു പറഞ്ഞു.

ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായ ആട് 3, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമിച്ചത്.

ജയസൂര്യ നായകനായ ചിത്രത്തിൽ അജു വർഗീസ്, വിനായകൻ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlight: Vijay babu talk about Indrans

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more