തിയേറ്റേറില്‍ ഗംഭീര കുതിപ്പ് തുടരുകയാണ് ആട് 3. മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായെത്തിയ ആട് 3 ഇതിനോടകം 68 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍.
ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്. ഇപ്പോഴിതാ മൂന്നാം ഭാഗവും ഹിറ്റിലേക്ക് കുതിക്കുകയാണ്. ജയസൂര്യ, സൈജു കുറുപ്പ്, വിനായകന്‍ തുടങ്ങി വന്‍താരനിര അണിനിരന്ന ആട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. മഴക്കാലം അല്ലാത്ത സമയങ്ങളില്‍ പോലും മഴ തിമിര്‍ത്ത് പെയ്തത് ഷൂട്ടിങ് പ്രതിസന്ധികളുണ്ടാ ക്കിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘അതുകൊണ്ട് ഷൂട്ടിങ് അഞ്ചും ആറും ഷെഡ്യൂളുകളിലായി. മൊത്തം പത്ത് മാസക്കാലത്തെ പ്രോസസിങ്ങാണ് ഈ സിനിമയ്ക്ക് വേണ്ടി വന്നത്. പ്രതികൂല കാലാവസ്ഥ ഇങ്ങനെ വേറെ പല സിനിമകളെയും ബാധിച്ചിരുന്നു. ആ സിനിമകളും പുറകെ വരുന്നുണ്ട്.
ഈ സിനിമയുടെ ബഡ്ജറ്റ് കൂടുതലായതിന് കാരണം ഈ പ്രതികൂല കാലാവസ്ഥയാണ്. ഇത്രയും ഭീമമായ ബഡ്ജറ്റിലുള്ള ഒരു സിനിമ ഞാനിതുവരെ ചെയ്തിട്ടില്ല. അതുമാത്രവുമല്ല, കഷ്ടപ്പാടും വളരെ വളരെയുണ്ടായിരുന്നു. ജയസൂര്യയുമായി ചേര്‍ന്നുള്ള എന്റെ ആറാമത്തെ സിനിമയാണ് ആട്. ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത് ജയസൂര്യയെ വെച്ചിട്ട് തന്നെയാണ്,’ വിജയ് ബാബു പറയുന്നു.
സിനിമയ്ക്കായുള്ള ഗെറ്റപ്പ് വ്യത്യസ്തമായത് കൊണ്ട് ആട് ചെയ്യുന്ന സമയത്ത് ജയസൂര്യക്ക് വേറൊരു പ്രോജക്ടും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും പത്തുമാസക്കാലത്തോളം അദ്ദേഹം വേറൊരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും വിജയ് ബാബു പറഞ്ഞു. ‘ആട്’ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഈക്വലാണെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
Content Highlight: Vijay Babu spoke about the budget of Aadu 3 and Jayasurya