| Saturday, 18th April 2026, 8:18 am

അവസാന നിമിഷമാണ് വിനീത് ഇല്ലെന്ന് പറയുന്നത്, ആറ് മാസം കൂടെ നിൽക്കാൻ പറ്റിയ ഒരു താരത്തെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു: വിജയ് ബാബു

നന്ദന എം.സി

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പിറന്ന ആട് 3 മികച്ച വിജയമാണ് നേടിയത്. ഒന്നാം ഭാഗം വലിയ പരാജയമായിരുന്നിട്ടും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും വമ്പൻ ഹിറ്റായത് ഷാജി പാപ്പന്റെയും സംഘത്തിന്റെയും വ്യത്യസ്തമായ ഹാസ്യം കൊണ്ട് മാത്രമാണ്.

റിലീസിന് പിന്നാലെ തന്നെ ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിരിയുടെ മാലപ്പടക്കം തീർക്കുന്ന കോമഡി രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തിയേറ്ററുകളിൽ ഓരോ രംഗത്തിനും ലഭിച്ചിരുന്ന കൈയടിയും ചിരിയും തന്നെ അതിന്റെ തെളിവാണ്.

ആട് 3, Photo: IMDb

ഈ വട്ടം ഷാജിപാപ്പന്റെ ഗ്യാങ്ങിൽ പുതിയൊരു കഥാപാത്രമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് സുപരിചിതനായ ഫുക്രുവാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. എന്നാൽ ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. ആട് 3 യിൽ വിനീത് ഇല്ലാത്തതിന്റെ കാരണം എന്താണെന്ന് പറയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു.

‘വിനീതിന് ജോലി കിട്ടി, അതുകൊണ്ട് തന്നെ റിസൈൻ ചെയ്യാനും തിരിച്ചു വരാനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അവനെ സൗദിക്ക് വിട്ടപ്പോൾ ഒരു റീപ്ലെയ്സ്മെന്റ് വേണമല്ലോ. ലാസ്റ്റ് മിനിറ്റ് ആണ് വിനീത് ഇല്ല എന്ന് അറിയിക്കുന്നത്.

വിനീത്, ധർമജൻ, Photo: IMDb

അതായത് സിനിമ തുടങ്ങി ഇനി അവരുടെ സീൻ എടുത്താൽ മതി. ഇനി പെട്ടന്ന് ആരെ വിളിക്കും എന്നായി ആരെ വിളിച്ചാലും ആറ് മാസം കൂടെ നിൽക്കണം. ഒരു ആക്ടറിനെ നമ്മൾ വിളിക്കുമ്പോൾ ചെറുതോ വലുതോ ആണെങ്കിലും ആറ് മാസം ഒന്നും ആരും വെറുതെ നിൽക്കുന്നവർ ഉണ്ടാകില്ല. എന്തെങ്കിലും ഒരു കമ്മിറ്റ്മെന്റ് ഉണ്ടാകും.

അങ്ങനെ പലരെയും വിളിച്ചു പക്ഷെ എല്ലാവർക്കും ഓരോ തിരക്കുകൾ ഉണ്ട്. അപ്പോൾ എനിക്ക് മനസിലായി ഇനി സെല്ഫ് ആയിട്ട് ജോലി ചെയ്യുന്നവർക്കേ ഇത് നടക്കു എന്ന് അതായത് സെല്ഫ് ആയിട്ട് റീല് ചെയ്യുന്നവരെ തെരഞ്ഞെടുക്കണമെന്ന്. അങ്ങനെയാണ് ഫുക്രുവിലേക്ക് എത്തിയത്. ഫുക്രുവിനെ വിളിച്ചതും ആട് എന്ന് പറഞ്ഞപ്പോൾ തന്നെ ഓക്കേ പറയുകയും ചെയ്തു,’ വിജയ് ബാബു പറഞ്ഞു.

100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മലയാള ചിത്രമാണ് ‘ആട് 3’. റിലീസ് ചെയ്ത് ഏഴുദിനംകൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്.

Content Highlight: Vijay Babu reveals the reason behind Vineeth’s absence from Aadu 3

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more