തമിഴ് സിനിമ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ അവസാനചിത്രമായാണ് ജന നായകന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. 2026 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും. തമിഴകത്തിന്റെ ദളപതിയുടെ അവസാനചിത്രമായതിനാല്‍ ഓരോ അപ്‌ഡേറ്റും പരമാവധി ആഘോഷമാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിലാണ് അരങ്ങേറുന്നത്. ഡിസംബര്‍ 27ന് ജലീല്‍ ബുകിത് സ്‌റ്റേഡിയത്തിലാണ് ഓഡിയോ ലോഞ്ച് അരങ്ങേറുക. 80000ത്തിലധികം ആളുകള്‍ക്ക് ഇരിക്കാനാകുന്ന സ്‌റ്റേഡിയം ദളപതിക്കായി നിറഞ്ഞുകവിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഓഡിയോ ലോഞ്ചിനായി ജന നായകന്റെ അണിയറപ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റുകളും ഇന്ന് മലേഷ്യയിലെത്തി.
വിജയ് Photo: Trendswood/ X.com
പ്രത്യേകം ചാര്‍ട്ട് ചെയ്ത ഫ്‌ളൈറ്റിലാണ് വിജയ് അടക്കമുള്ളവര്‍ മലേഷ്യന്‍ മണ്ണില്‍ കാലുകുത്തിയത്. ദളപതിയെ സ്വീകരിക്കാനായി ആയിരക്കണക്കിനാളുകള്‍ എയര്‍പോര്‍ട്ടിലും ഹോട്ടലിലും തടിച്ചുകൂടിയിരുന്നു. വിജയ്‌യെ പലരും ഒരുനോക്ക് കാണാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറി. നാളെ നടക്കുന്ന ഓഡിയോ ലോഞ്ച് ഗ്രാന്‍ഡാകുമെന്ന് ഏറെക്കുറ ഉറപ്പായിരിക്കുകയാണ്.
ജന നായകന്റെ ഓഡിയോ ലോഞ്ചിനൊപ്പം വിജയ്ക്ക് ട്രിബ്യൂട്ട് നല്‍കിക്കൊണ്ടുള്ള പ്രത്യേക കണ്‍സര്‍ട്ടും അണിയറപ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. വിജയ്‌യുടെ കരിയറിലെ ഹിറ്റ് ഗാനങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാന്‍ഡ് കണ്‍സേര്‍ട്ട് തന്നെയാകും ‘ദളപതി കച്ചേരി’ എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. വിജയ്- അനിരുദ്ധ് കോമ്പോയിലെ ഹിറ്റ് ഗാനങ്ങളും സ്‌റ്റേഡിയത്തില്‍ മുഴങ്ങിക്കേള്‍ക്കുമെന്ന് ഉറപ്പാണ്.
ജന നായകന്‍. Photo: Screen grab/ T Series
വിജയ്‌യുടെ കരിയറില്‍ വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരും ചടങ്ങില്‍ സന്നിഹിതരാകും. എ.ആര്‍. മുരുകദോസ്, ധരണി, അറ്റ്‌ലീ, ലോകേഷ് കനകരാജ്, നെല്‍സണ്‍ എന്നിവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി മലേഷ്യയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകരില്‍ പലരും മലേഷ്യയിലെത്തിയിട്ടുണ്ട്.
ഓഡിയോ ലോഞ്ചിന് ലൈവ് ടെലികാസ്റ്റ് ഉണ്ടാകില്ലെന്നത് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന കാര്യമാണ്. പരിപാടിയുടെ ടെലികാസ്റ്റ് എന്നായിരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഓഡിയോ ലോഞ്ചില്‍ ദളപതിയുടെ അവസാനത്തെ ‘കുട്ടി സ്റ്റോറി’ എന്തായിരിക്കുമെന്നറിയാനും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ജന നായകന്‍.Photo: Screen Grab/ T Series
450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകെന്ന് റൂമറുകള്‍ ഇപ്പോഴും സജീവമാണ്. ദളപതിയുടെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ ഏത് രീതിയില്‍ തിളങ്ങുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മമിത ബൈജു, പൂജ ഹെഗ്‌ഡേ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വന്‍ താരനിര ജന നായകനില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Vijay and rest of the crew of Jana Nayagan arrived at Malaysia for Audio launch