പാട്ടെഴുത്തുകാരനായി സിനിമാലോകത്തേക്ക് കടന്നുവന്ന് തമിഴിലെ മികച്ച സംവിധായകരിലൊരാളായി മാറിയ ആളാണ് വിഘ്‌നേശ് ശിവന്‍. ആദ്യചിത്രം പരാജയമായെങ്കിലും പിന്നീട് മികച്ച സിനിമകളിലൂടെ തന്നിലെ സംവിധായകനെ സിനിമാലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താന്‍ വിഘ്‌നേശിന് സാധിച്ചു. ഓരോ സിനിമകളും തമ്മില്‍ വലിയ ഇടവേളയുണ്ടാകുന്നതാണ് വിഘ്‌നേശ് ശിവനെതിരെയുള്ള പ്രധാന വിമര്‍ശനം.
വിഘ്‌നേശിന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസിന് തയാറെടുക്കുകയാണ്. പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഇത് നാലാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. മുമ്പ് ഒന്നിച്ചപ്പോഴെല്ലാം ചാര്‍ട്ടബസ്റ്റര്‍ സമ്മാനിച്ച കോമ്പോയാണ് അനിരുദ്ധ്- വിഘ്‌നേശ് ശിവന്റേത്.
വിഘ്‌നേശ് ശിവന്‍ Photo: Screen grab/ Gobinath
ലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ അനിരുദ്ധ് സംഗീതസംവിധാനത്തിന് പുറമെ ഒരു കഥാപാത്രത്തിന് ശബ്ദവും നല്‍കുന്നുണ്ട്. എസ്.ജെ. സൂര്യയുടെ അസിസ്റ്റന്റായ റോബോട്ടിനാണ് അനിരുദ്ധ് ശബ്ദം നല്‍കുന്നത്. അനിരുദ്ധുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. ത്രീയുടെ റിലീസ് സമയം മുതല്‍ അനിരുദ്ധിനെ അറിയാമെന്ന് വിഘ്‌നേശ് പറഞ്ഞു. ഗോപിനാഥുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവന്റെ മ്യൂസിക് ടേസ്റ്റിനെക്കുറിച്ച് ആദ്യം മുതലേ അറിയാമായിരുന്നു. ത്രീയുടെ റിലീസിന് ശേഷം അവന്റെ രണ്ട് ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതിയത് ഞാനായിരുന്നു. സത്യം പറഞ്ഞാല്‍ അവനെ ഹീറോയാക്കി ഒരു സിനിമ ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. അത്യാവശ്യം കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന് അറിയാം. അങ്ങനെ അവന് വേണ്ടി ഒരു സ്‌ക്രിപ്‌റ്റെഴുതി.
അതായിരുന്നു നാനും റൗഡി താന്‍. അനിരുദ്ധിനെ ഹീറോയായി ഇന്‍ട്രൊഡ്യൂസ് ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷേ, ആ സമയത്തായിരുന്നു കത്തി റിലീസ് ചെയ്തത്. അവന്‍ കമ്പോസ് ചെയ്ത പാട്ടെല്ലാം ഹിറ്റായി. അതോടെ അഭിനയിക്കാനുള്ള പ്ലാന്‍ വിട്ട് ഫുള്‍ ടൈം കമ്പോസിങ്ങിലേക്ക് അവന്‍ ശ്രദ്ധ കൊടുത്തു. പിന്നീടാണ് സേതുവിലേക്ക് ആ കഥ എത്തിയത്,’ വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് എല്‍.ഐ.കെ തിയേറ്ററുകളിലെത്തുന്നത്. 2024ല്‍ റിലീസാകുമെന്നറിയിച്ച ചിത്രം പല കാരണങ്ങള്‍ കൊണ്ട് വൈകുകയായിരുന്നു. 2040ല്‍ എ.ഐ യുഗത്തില്‍ നടക്കുന്ന പ്രണയകഥയാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കഥ. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vignesh Sivan saying Anirudh was the first choice for hero role in Naanum Rowdy Dhaan
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ