പോടാ പോടി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച്, നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി-നയന്‍താര ചിത്രത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായി സ്ഥാനം നേടിയ വ്യക്തിയാണ് വിഘ്‌നേഷ് ശിവന്‍. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ നയന്‍താരയുടെ പങ്കാളി കൂടിയായ അദ്ദേഹം ധനുഷും നയന്‍താരയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
നാനും റൗഡി താന്‍. Photo: IMDB
വിഘ്‌നേഷിന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ 3 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകനും നായികയായ നയന്‍താരയും പ്രണയത്തിലായതിനെ തുടര്‍ന്ന് ധനുഷിന് 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് താരം നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് നയന്‍താര ധനുഷിനെതിരെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തും വൈറലായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ധനുഷുമായുണ്ടായ പ്രശ്‌നമാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ റിഗ്രറ്റ് ചെയ്യുന്നതെന്ന് വിഘ്‌നേഷ് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. പുതിയ ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എന്റെ അച്ഛനെ പോലെ കാണുന്ന ആളാണ് ധനുഷ് സാര്‍. പക്ഷേ എന്തുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധം ഇങ്ങനെ ആയി എന്ന് എനിക്ക് തന്നെ അറിയാത്ത സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ധനുഷ് സാറുമായുള്ള എന്റെ ബന്ധം തകര്‍ന്നുവെന്നത് എന്നെ സംബന്ധിച്ച് ഒരു നാണക്കേടാണ്. ഞാനിന്ന് ഇങ്ങനെ ഒരു നിലയില്‍ എത്തിപ്പെടാന്‍ കാരണമായതില്‍ ഒരാള്‍ ധനുഷ് സാറാണ്.
വി.ഐ.പി എന്ന ചിത്രത്തില്‍ ജോലി ചെയ്യുന്ന സമയത്തെല്ലാം രണ്ടരവര്‍ഷത്തോളം അദ്ദേഹത്തിന്റെ കൂടെത്തന്നെയായിരുന്നു ഞാനുണ്ടായിരുന്നത്. ഒരുമിച്ചായിരുന്നു ഞങ്ങള്‍ രണ്ട് പേരും ഭക്ഷണം പോലും കഴിച്ചിരുന്നത്. വി.ഐ.പി ഹിറ്റായ സമയത്തെല്ലാം അദ്ദേഹവുമായി വളരെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു ബന്ധത്തില്‍ വിള്ളല്‍ വീണത് എന്നെ സംബന്ധിച്ച് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്താണ് വിഷയമെന്നറിഞ്ഞാല്‍ രണ്ടുപേര്‍ക്കും ചേര്‍ന്ന് അത് പരിഹരിക്കാം, എന്നാല്‍ കാര്യമെന്താണെന്നറിയാതെ എന്ത് ചെയ്യും,’വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.
ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: X.com
പ്രദീപ് രംഗനാഥന്‍ നായകനായി ഏപ്രില്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. നയന്‍താര നിര്‍മിക്കുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, ഗൗരി ലക്ഷ്മി, യോഗി ബാബു, എസ്.ജെ സൂര്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Vignesh Shivan talks about why he regrets on the issue with Dhanush