| Thursday, 9th April 2026, 6:42 pm

അന്ന് അദ്ദേഹം വിശ്രമിച്ചിരുന്നെങ്കിലോ? സഞ്ജുവിനെ പോലെ ആ ഒരു ദിവസത്തിന് വേണ്ടി നമ്മള്‍ തയ്യാറെടുക്കണം; വിഘ്‌നേഷ് ശിവന്‍

അശ്വിന്‍ രാജേന്ദ്രന്‍

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തമിഴില്‍ തന്റെ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍, വിജയ് സേതുപതിയും നയന്‍താരയും പ്രധാനവേഷത്തിലെത്തി വലിയ വിജയം നേടിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവന്‍ ശ്രദ്ധിക്കപ്പെടുന്നത്. കാത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനി (ലൈക്ക്) നാളെ (വെള്ളി) തിയേറ്ററുകളിലേക്കെത്തുകയാണ്.

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തിന്റെ അഭിമാനമായ ക്രിക്കറ്റര്‍ സഞ്ജു സാംസണിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ടി20 വേള്‍ഡ് കപ്പില്‍ സഞ്ജുവിന്റെ വീരോചിതമായ തിരിച്ചുവരവിനെയും തന്റെ കരിയറിനെയും ബന്ധപ്പെടുത്തി സംസാരിക്കുകയായിരുന്നു താരം.

സഞ്ജു സാംസണ്‍. Photo: NDTV

‘സഞ്ജു സാംസണിന്റെ മാച്ച് പോലെയായിരിക്കണം നമ്മള്‍ ജീവിതത്തില്‍ തയ്യാറെടുക്കേണ്ടത്. വീഴ്ച്ചകള്‍ സംഭവിക്കുന്നുണ്ടെങ്കിലും എപ്പോഴും അദ്ദേഹം ആ ഗെയിമില്‍ തന്നെ ശ്രദ്ധിച്ചിരിക്കും. കറക്ടായിട്ട് ഒരു മാച്ചില്‍ വന്ന് അടിച്ച് താനാരാണെന്ന് അദ്ദേഹം തെളിയിച്ചു. അതുപോലെ എല്ലാവര്‍ക്കും ഒരു ദിവസം ജീവിതത്തിലുണ്ടാകും. ആ ദിവസത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരിക്കുകയാണ് നമ്മുടെ ജോലി.

അന്നദ്ദേഹം ടീമിലില്ലെന്ന് പറഞ്ഞ് വിശ്രമിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. അന്ന് മാച്ച് കിട്ടുമോ എന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നിട്ടും ദിവസവും എത്രയോ മണിക്കൂറുകള്‍ നെറ്റ് പ്രാക്ടീസുകള്‍ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ആ ദൃഢ നിശ്ചയം അപാരമാണ്. അവസാന മത്സരത്തില്‍ തന്റെ ഗ്ലൗസ് ഊരി ഇഷാന്‍ കിഷന് കൊടുക്കേണ്ടി വന്ന ഇടത്തില്‍ നിന്നും സഞ്ജു നടത്തിയ തിരിച്ചുവരവ് രോമാഞ്ചമുണ്ടാക്കി.

അദ്ദേഹം എന്റെ ഒരു സുഹൃത്താണ്. പലപ്പോഴും മെസേജ് അയക്കാറുണ്ട്. സഞ്ജുവിന്റെ ഇന്നിങ്ങ്‌സുകളും വേള്‍ഡ് കപ്പ് നേട്ടവുമെല്ലാം നമുക്കും ഒരു പ്രതീക്ഷയാണ്. നാളെ നമുക്കും ഇതുപോലൊരു നിമിഷം വരും. അതിന് വേണ്ടി നൂറുശതമാനം ആത്മാര്‍ത്ഥതയോടെ പണിയെടുത്താല്‍ അത് ഉറപ്പാണ്,’ വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

ലവ് ഇന്‍ഷുറന്‍സ് കമ്പനി. Photo: Pinkvilla

നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ പ്രദീപ് രംഗനാഥനെയും കൃതി ഷെട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ലൈക്കിന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നയന്‍താര നിര്‍മിക്കുന്ന ചിത്രത്തില്‍ ഗൗരി.ജി.കിഷന്‍, എസ്.ജെ,സൂര്യ, യോഗി ബാബു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Vignesh Shivan Talks about Sanju Samson and his comeback

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more