സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് കോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയ സംവിധായകനാണ് വിഘ്‌നേശ് ശിവന്‍. സിനിമയില്‍ പാട്ടുകളഴുതിയാണ് വിഘ്‌നേശ് തന്റെ കരിയര്‍ ആരംഭിച്ചത്. ആദ്യ ചിത്രമായ പോടാ പോടി ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായെങ്കിലും പിന്നീട് മികച്ച സിനിമകളൊരുക്കിക്കൊണ്ട് തന്റേതായ സ്ഥാനം വിഘ്‌നേശ് സ്വന്തമാക്കി.
പ്രദീപ് രംഗനാഥനെ നായകനാക്കി ഒരുക്കുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് വിഘ്‌നേശ് ശിവന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. ഇതുവരെയുണ്ടായിരുന്ന ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ട്രെയ്‌ലറായിരുന്നു എല്‍.ഐ.കെയുടേത്. കരിയറിലെ ആദ്യചിത്രമായ പോടാ പോടിയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിഘ്‌നേശ് ശിവന്‍.
വിഘ്‌നേശ് ശിവന്‍ Photo: Screen grab/ Gobinath
ഒരുപാട് കഷ്ടപ്പെട്ട ശേഷം 2008ലാണ് ആദ്യ സ്‌ക്രിപ്റ്റിന് നിര്‍മാതാക്കളെ ലഭിച്ചതെന്ന് വിഘ്‌നേശ് പറഞ്ഞു. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ജെമിനി ഫിലിം സര്‍ക്യൂട്ട് കഥ കേട്ട ഉടനെ നിര്‍മിക്കാമെന്ന് സമ്മതിച്ചെന്നും പിന്നീട് വളരെ വേഗത്തില്‍ ഷൂട്ട് ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോപിനാഥിനോട് സംസാരിക്കുകയായിരുന്നു വിഘ്‌നേശ് ശിവന്‍.
‘പക്ഷേ, പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടു നീണ്ടു പോയി. ഒരു പ്രശ്‌നം തീര്‍ത്താല്‍ അടുത്തത് എന്ന തരത്തില്‍ പ്രതിസന്ധികള്‍ വന്നുകൊണ്ടിരുന്നു. ഷൂട്ട് തീര്‍ത്ത ശേഷം റിലീസിനും ഒരുപാട് സമയമെടുത്തു. ആദ്യത്തെ സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്ത ടെന്‍ഷനിലായിരുന്നു ഞാന്‍. ലൈഫ് എവിടെയും എത്തിയില്ലെന്ന ആധി വീട്ടുകാര്‍ക്കും ആ സമയത്ത് ഉണ്ടായിരുന്നു. റിലീസ് നീണ്ടു പോയി ഒടുവില്‍ 2012 നവംബറില്‍ പടം തിയേറ്ററുകളിലെത്തി. ആ സമയത്തായിരുന്നു തുപ്പാക്കിയുടെയും റിലീസ്.
അത്രയും വലിയൊരു സിനിമയുടെ കൂടെ ക്ലാഷ് വെച്ചതുകൊണ്ട് ആരും എന്റെ സിനിമയെ തിരിഞ്ഞുനോക്കിയില്ല. കാര്യമായ പ്രൊമോഷനൊന്നുമില്ലാത്തതുകൊണ്ട് അങ്ങനെയൊരു സിനിമ റിലീസായതുപോലും ആരും അറിഞ്ഞില്ല. തുപ്പാക്കിയുടെ ഇന്റര്‍വെല്ലില്‍ വിജയ് സാര്‍ ഒരേസമയം 12 പേരെ വെടിവെച്ച് കൊല്ലുന്ന സീനുണ്ട്. സത്യം പറഞ്ഞാല്‍ ആ സീനില്‍ 13 പേരായിരുന്നു മരിച്ചത്. ആ പതിമൂന്നാമന്‍ ഞാനായിരുന്നു,’ വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
തന്റെ കരിയര്‍ അതോടുകൂടി തീര്‍ന്നെന്നാണ് കരുതിയതെന്ന് അദ്ദേഹം പറയുന്നു. 2008ല്‍ ആരംഭിച്ച ചിത്രം 2012ല്‍ റിലീസായതും അത് പരാജയമായതും മോശം ഇംപാക്ടാണ് ഉണ്ടാക്കിയതെന്നും അതില്‍ നിന്ന് പുറത്തുവരാന്‍ ഒരുപാട് സമയമെടുത്തെന്നും വിഘ്‌നേശ് ശിവന്‍ കൂട്ടിച്ചേര്‍ത്തു. ഒരു തിരിച്ചുവരവുണ്ടാകില്ലെന്നായിരുന്നു താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Vignesh Shivan about the failure of his first movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ