സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കര. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നവയായിരുന്നു. പോര്‍ തൊഴില്‍ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ വിഘ്‌നേശ് രാജയാണ് കരയുടെ സംവിധായകന്‍. രണ്ട് വര്‍ഷത്തിന് ശേഷം വിഘ്‌നേശ് തന്റെ അടുത്ത സിനിമയുമായി എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
വിഘ്‌നേശ് രാജ Photo: Screen grab/ Cinrma Vikatan
ധനുഷിനൊപ്പം മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും കരയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഭരതന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് സുരാജ് കരയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറില്‍ വെറും രണ്ട് ഷോട്ട് കൊണ്ട് ശ്രദ്ധ നേടിയത് സുരാജായിരുന്നു. ഇപ്പോഴിതാ ഭരതന്‍ എന്ന കഥാപാത്രത്തിലേക്ക് സുരാജ് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിഘ്‌നേശ് രാജ.
ഭരതന്‍ എന്ന കഥാപാത്രത്തിലേക്ക് താന്‍ ആദ്യം മനസില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. തന്റെ ആദ്യചിത്രമായ പോര്‍ തൊഴില്‍ കണ്ട ശേഷം പൃഥ്വിരാജ് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും വിഘ്‌നേശ് കൂട്ടിച്ചേര്‍ത്തു. കരയുടെ കഥ പുരോഗമിക്കുന്ന സമയത്ത് ഭരതന്‍ എന്ന കഥാപാത്രമായി മനസില്‍ കണ്ടവരില്‍ ഒരാളായിരുന്നു പൃഥ്വിയെന്നും അദ്ദേഹം പറയുന്നു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു വിഘ്‌നേശ് രാജ.
‘സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഞാന്‍ പൃഥ്വിരാജിനോട് കഥ പറഞ്ഞു. അദ്ദേഹം അത് കേട്ടിട്ട് ‘കഥ എനിക്ക് വര്‍ക്കായിട്ടില്ല, ഇത് രണ്ട് ഡയമെന്‍ഷനുള്ള കഥാപാത്രമാണ്. പക്ഷേ, ഈ സിനിമ എന്തായാലും ഹിറ്റാകും’ എന്നായിരുന്നു പറഞ്ഞത്. പൃഥ്വിരാജിന് ശേഷം പിന്നെയും ഒരുപാട് നടന്മാരോട് ഞാന്‍ ഈ കഥ പറഞ്ഞു. ഏറ്റവും ഒടുവിലാണ് സുരാജ് ഈ സിനിമയിലേക്കെത്തിയത്,’ വിഘ്‌നേശ് രാജ പറയുന്നു.
കര എന്ന ചിത്രം ഒരു ത്രില്ലറാണെന്നും എന്നാല്‍ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും വിഘ്‌നേശ് പറഞ്ഞു. അടുത്തത് എന്താകുമെന്ന ചിന്ത ഓരോ സീനിലും പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷന്‍ കണ്ട ശേഷം ധനുഷ് തന്നോട് ഒരുപാട് സംസാരിച്ചെന്നും വിഘ്‌നേശ് രാജ പറഞ്ഞു.
1991ല്‍ ഇറാഖ് യുദ്ധത്തിന്റെ സമയത്ത് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടക്കുന്ന കഥയാണ് കരയുടേത്. കരസാമി എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം ജയറാമും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കെ.എസ്. രവികുമാര്‍, കരുണാസ്, ശ്രീജ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vignesh Raja saying Prithviraj was the first choice of Suraj Venjaramoodu’s character in Kara movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ