| Thursday, 25th December 2025, 7:52 am

ചരിത്ര നേട്ടത്തില്‍ വിഘ്‌നേശ് പുത്തൂര്‍; ലിസ്റ്റ് എയിലെ മലയാളി പവര്‍ ലോകത്ത് ഒന്നാമന്‍!

ശ്രീരാഗ് പാറക്കല്‍

കഴിഞ്ഞ ദിവസം നടന്ന വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ത്രിപുരയ്ക്കെതിരെ കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. 145 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ത്രിപുര 36.5 ഓവറില്‍ 203ന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മത്സരത്തില്‍ കേരളത്തിന് വേണ്ടി ഫീല്‍ഡിങ്ങില്‍ മിന്നും പ്രകടനം നടത്താന്‍ യുവ താരം വിഘ്‌നേശ് പുത്തൂരിന് സാധിച്ചിരുന്നു. ത്രിപുരയുടെ ആറ് താരങ്ങളുടെ ക്യാച്ചാണ് വിഘ്‌നേശ് സ്വന്തമാക്കിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാനും മലയാളി താരം വിഘ്‌നേശിന് സാധിച്ചിരിക്കുകയാണ്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഒരു താരം നേടുന്ന ഏറ്റവും ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡാണ് വിഘ്നേഷ് തന്റെ പേരിലാക്കിയത്. ലിസ്റ്റ് എയില്‍ ഒരു ഇന്നിങ്‌സില്‍ അഞ്ച് ക്യാച്ചുകള്‍ സ്വന്തമാക്കിയ 21 താരങ്ങള്‍ ഉണ്ടെങ്കിലും ആറ് ക്യാച്ചുകള്‍ എന്ന നേട്ടം ആദ്യമായാണ്.

ദിയന്‍ ബോസ്, ശ്രീദം പോള്‍, സ്വപ്നില്‍ സിങ്, സൗരഭ് ദാസ്, അഭിജിത് കെ. സര്‍ക്കാര്‍, വിക്കി സാഹ എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തില്‍ വിഘ്‌നേശ് കൈപ്പിടിയിലൊതുക്കിയത്. ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച 24കാരന്‍ 2026ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് സ്പിന്നറെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

അതേസമയം മത്സരത്തില്‍ കേരളത്തിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് വിഷ്ണു വിനോദാണ്. പുറത്താകാതെ 102 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മല്‍ 94 റണ്‍സിന് പുറത്തായി. ബാബ അപരാജിത് 64 റണ്‍സും ടീമിന് വേണ്ടി നേടിയരുന്നു. ത്രിപുരയ്ക്കായി മൂന്ന് വിക്കറ്റുകള്‍ നേടി ക്യാപ്റ്റന്‍ മനിശങ്കര്‍ മുരാസിങ് തിളങ്ങിയിരുന്നു. അതേസമയം ത്രിപുരയ്ക്കായി 67 റണ്‍സ് നേടിയ ശ്രിദം പോളാണ് ടോപ് സ്‌കോറര്‍.

സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി കേരളം എ ഗ്രൂപ്പില്‍ മുന്നിലാണ്. നാല് പോയിന്റ് നേടിയ കേരളത്തിന് മികച്ച നെറ്റ് റണ്‍ റേറ്റാണുള്ളത്. ടൂര്‍ണമെന്റില്‍ നാളെയാണ് (ഡിസംബര്‍ 26) കേരളത്തിന്റെ അടുത്ത മത്സരം. കര്‍ണാടകയാണ് എതിരാളി.

Content Highlight: Vignesh Puthur In Great Record Achievement In List A cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more