| Sunday, 4th October 2026, 7:05 am

ഗ്യാനേഷിനെതിരെ വിജിലന്‍സ് പുനരന്വേഷണം; 20 വര്‍ഷം മുമ്പുള്ള കേസില്‍ നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോള്‍ നടന്ന കെ.എസ്.ടി.പി അഴിമതിയിലാണ് അന്വേഷണം നടത്തുക. കരാര്‍ ഏറ്റെടുത്ത പതിബെല്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എഞ്ചിനീയറുടെ ആത്മഹത്യ കുറിപ്പിലുള്ള പരാമര്‍ശമായിരുന്നു ഗ്യാനേഷിനെതിരായ അന്വേഷണത്തിന് അന്ന് കാരണമായിരുന്നത്.

കോണ്‍ഗ്രസ് നേതാവ് മലയിന്‍കീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒത്തുതീര്‍പ്പാക്കിയ കേസാണ് വീണ്ടും അന്വേഷിക്കുക.

കെ.എസ്.ടി.പി അഴിമതി

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് പദ്ധതിയിലെ ഒന്നാം ഘട്ട എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറുപ്പില്‍ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചും പീഢനങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

തുടര്‍ന്ന് അന്ന് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെ കൈക്കൂലി, അഴിമതി ആരോപണങ്ങള്‍ ഉയരുകയും പിന്നാലെ പദവിയില്‍ നിന്ന് മാറ്റുകയും ചെയ്തു. ശേഷം കേസുമായി ബന്ധപ്പെട്ട് കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല.

വിജിലന്‍സും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി ഗ്യാനേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്യാനേഷിന് കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നത്. 2007ല്‍ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് ശക്തമായ സമരങ്ങള്‍ നടക്കുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ പുതിയ നീക്കം.

Content Highlights: Vigilance to re-investigate Gyanesh; Home Department issues directive regarding a 20-year-old case.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more