| Saturday, 25th April 2026, 11:51 pm

ചെറിയ പെണ്ണാണല്ലോ, ഇവളെ നായികയാക്കിയാല്‍ ശരിയാകുമോ എന്ന് തോന്നി, അവരാണ് മമിത മതിയെന്ന് പറഞ്ഞത്: വിഘ്‌നേശ് രാജ

അമര്‍നാഥ് എം.

ആദ്യ സിനിമ കൊണ്ട് തന്നെ തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്നെ അടയാളപ്പെടുത്തിയ സംവിധായകനാണ് വിഘ്നേശ് രാജ. ക്രൈം ത്രില്ലര്‍ ഴോണറിലൊരുക്കിയ പോര്‍ തൊഴില്‍ വന്‍ വിജയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിഘ്നേശ് തന്റെ അടുത്ത പ്രൊജക്ടുമായി എത്തുകയാണ്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന കര റിലീസിന് തയാറെടുക്കുകയാണ്.

മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നായികയായി മമിതയെ അവതരിപ്പിക്കുമ്പോള്‍ താനടക്കം പലരും സംശയിച്ചെന്ന് പറയുകയാണ് സംവിധായകന്‍ വിഘ്‌നേശ് രാജ. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ മമിത തന്റെ ചിന്തയിലില്ലായിരുന്നെന്ന് വിഘ്‌നേശ് രാജ പറഞ്ഞു. അസിസ്റ്റന്റ്‌സ് അവരുടെ അഭിപ്രായം പറയുമ്പോള്‍ അതില്‍ നിന്ന് ആളുകളെ തെരഞ്ഞെടുക്കുന്നതാണ് തന്റെ രീതിയെന്നും വിഘ്‌നേശ് കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് പ്രേമലു വലിയ ഹിറ്റായിരുന്നെന്നും അസിസ്റ്റന്റ്‌സ് മമിതയുടെ പേര് മുന്നോട്ട് വെച്ചെന്നും അദ്ദേഹം പറയുന്നു. താന്‍ ആ സമയത്ത് പ്രേമലു മുഴുവന്‍ കണ്ടിട്ടില്ലെന്നും മമിതയുടെ സീനുകള്‍ മാത്രം കണ്ടിട്ട് തീരുമാനിക്കുകയായിരുന്നെന്നും വിഘ്‌നേശ് പറഞ്ഞു. ആ സമയത്തും മമിത ആ കഥാപാത്രത്തിന് ഓക്കെയാണോ എന്ന് താന്‍ ചിന്തിച്ചെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഫുള്ളി ഫില്‍മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ ചെറിയ പെണ്ണാണല്ലോ, ഇവളെ നായികയാക്കിയാല്‍ കുഴപ്പമാകുമോ, ആളുകള്‍ എന്തെങ്കിലും പറയുമോ എന്ന് ചിന്തിച്ചു. അസിസ്റ്റന്റ്‌സാണ് ആ സമയത്ത് ധൈര്യം തന്നത്. അത് മാത്രമല്ല, ആ സമയത്ത് ജന നായകന്റെ പ്രൊഡക്ഷന്‍ ടീം മമിതയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് നല്ലത് പറഞ്ഞു. പ്രദീപ് രംഗനാഥന്‍ ഡ്യൂഡിന്റെ ഷൂട്ടിലായിരുന്നു. അവനും മമിതയെക്കുറിച്ച് വാതോരാതെ സംസാരിച്ചു.

മമിതയോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്ടമായി. ക്യൂട്ട്‌നെസ് കാണിക്കുന്ന കഥാപാത്രങ്ങളെ ബ്രേക്ക് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു മമിത. സത്യം പറഞ്ഞാല്‍ മമിതയല്ലാതെ മറ്റൊരു നടിയെയും ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. കന്നഡ നടി ചൈത്ര ആചാറിനെ ഓഡിഷന് വിളിച്ചിരുന്നു. ഓഡിഷന് വന്ന് ലുക്ക് ടെസ്റ്റ് നടത്തുകയും ചെയ്തു. ആ സമയത്ത് അവര്‍ ചെയ്തുകൊണ്ടിരുന്ന മൈ ലോര്‍ഡില്‍ ഇതേ ഗെറ്റപ്പായിരുന്നു. അതോടെ മമിതയെ ഉറപ്പിച്ചു,’ വിഘ്‌നേശ് രാജ പറഞ്ഞു.

ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ മലയാളികളായ സുരാജ് വെഞ്ഞാറമൂട്, ജയറാം, ശ്രീജ രവി എന്നിവരും ഭാഗമാകുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. കെ.എസ്. രവികുമാര്‍, കരുണാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇറാഖ്- അമേരിക്ക യുദ്ധ സമയത്ത് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടക്കുന്ന കഥയാണ് കരയുടേത്.

Content Highlight: Vighnesh Raja about Mamitha Baiju and Kara Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more