2003ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഭാലോ തേക്കോ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടിയാണ് വിദ്യ ബാലന്‍. എന്നാല്‍ പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ പ്രശസ്തയായത്. നിരവധി സിനിമകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
ഇപ്പോള്‍ അമിതാഭ് ബച്ചനൊപ്പം ചെയ്ത ”പാ” എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍. ആര്‍. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാ. സിനിമയില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാബാലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തന്റെ സ്വപ്നങ്ങളില്‍ പോലും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് വിദ്യ പറയുന്നു.
‘കുട്ടിക്കാലത്ത് അമിതാഭ് ബച്ചനെ ഒരു നോക്ക് കാണാന്‍ മാത്രം ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതുപോലെ മാധുരി ദീക്ഷfതിനൊപ്പം നൃത്തം ചെയ്തതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് വിസ്മയം തോന്നാറുണ്ട്. ഞാന്‍ ആഗ്രഹിച്ചതിലധികം എനിക്ക് ലഭിച്ചു,’ വിദ്യ ബാലന്‍ പറഞ്ഞു.
മുമ്പ് തൊട്ടേ ആത്മവിശ്വാസവും പോസിറ്റീവുമായ വ്യക്തിയാണ് താനെന്നും എന്നാല്‍ ശരീരഭാരം കുറച്ചതിന് ശേഷം സ്വയം വളരെ ലാഘവത്വം തോന്നുന്നുവെന്നും അവര്‍ പറയുന്നു. സ്ലിം ആകാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ അത് സാധിച്ചുവെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
Content highlight: Vidya Balan talks about the film Paa and Amitabh Bachchan