ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. മലയാളത്തിലെ ആദ്യ ചിത്രം മുടങ്ങിയെങ്കിലും പരിണീത എന്ന ചിത്രത്തിലൂടെ നടി ബോളിവുഡിലേക്ക് അരങ്ങേറി. പിന്നീട് വളരെ പെട്ടെന്നാണ് വിദ്യ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയിലേക്കുയര്‍ന്നത്.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലന്‍.
‘ഇന്ന്, കൂടുതല്‍ സ്ത്രീകളും പുരുഷന്‍മാര്‍ക്ക് കീഴിലല്ല, മറിച്ച് സ്വന്തം ഇഷ്ടങ്ങളിലാണ് ജീവിക്കുന്നത്. വിവാഹം ഒരു മാനദണ്ഡമല്ല. വിവാഹം ചെയ്യുന്നത് എളുപ്പമല്ല. രണ്ട് സ്വതന്ത്ര വ്യക്തികള്‍ ഒന്നിച്ചുചേര്‍ന്ന് ജീവിക്കാന്‍ പരിശ്രമം ആവശ്യമാണ്. പക്ഷെ, അത് വിജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും,’ വിദ്യ ബാലന്‍ പറയുന്നു.
തനിക്ക് വിവാഹം കഴിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നെന്നും അത് വീട്ടില്‍ തളച്ചിടുന്നത് പോലെയാണെന്നും വിദ്യ ബാലന്‍ പറഞ്ഞു.
താന്‍ കുറച്ച് ആളുകളുമായി ഡേറ്റിങ് ചെയ്തിരുന്നുവെന്നും എന്നാല്‍ ഒന്നും വിജയിച്ചിട്ടില്ലെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ഇത് തന്നെ വൈകാരികമായി ബാധിച്ചുവെന്നും വേദനയെപ്പോലും താന്‍ പ്രണയിച്ചുവെന്നും നടി പറഞ്ഞു. പിന്നീടാണ് താന്‍ സിദ്ധാര്‍ഥിനെ കണ്ടുമുട്ടിയതെന്നും ആ പ്രണയം സ്വാഭാവികമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.
പങ്കാളി മുമ്പ് വിവാഹിതനായിരുന്ന കാര്യം തന്നെ ബാധിച്ചിട്ടില്ലെന്നും ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ നിനക്ക് ഉറപ്പാണോ എന്ന് മാത്രമാണ് അവര്‍ ചോദിച്ചതെന്നും വിദ്യ ബാലന്‍ പറഞ്ഞു. താന്‍ അതേ എന്നുപറഞ്ഞപ്പോള്‍ അവര്‍ തന്നെ പൂര്‍ണമായും പിന്തുണച്ചുവെന്നും തന്റെ കുടുംബത്തിന് സിദ്ധാര്‍ഥിനെ ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞ നടി അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും കൂട്ടിച്ചേര്‍ത്തു. ഫിലിം ഫെയര്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു വിദ്യ.
കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രം എന്ന സിനിമയിലൂടെയാണ് വിദ്യ ആദ്യമായി ക്യാമറക്ക് മുന്നിലേക്കെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് മുടങ്ങുകയും പിന്നീട് പൃഥ്വിരാജിനെ വെച്ച് ലോഹിതദാസ് ആ ചിത്രം പൂര്‍ത്തിയാക്കുകയും ചെയ്തു.
Content Highlight: Vidya Balan talking about Marriage