ഇന്ത്യൻ സിനിമയിലെ മികച്ച നടിയാണ് വിദ്യാ ബാലൻ. 2003ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഭാലോ തേക്കോ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും സെയ്ഫ് അലിഖാനും സഞ്ജയ് ദത്തും അഭിനയിച്ച പരിണീത എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്തയായത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശക്തമായ വേഷങ്ങൾ അവർ അവതരിപ്പിച്ചു. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ അവർ ദേശീയ അവാർഡ് 2014ൽ പത്മശ്രീ പുരസ്‌കാരം എന്നിവ സ്വന്തമാക്കി. പരാജയ ചിത്രങ്ങൾ വ്യക്തിപരമായി ബാധിക്കാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടിയിപ്പോൾ.
‘തീർച്ചയായും എന്നെ ബാധിക്കാറുണ്ട്. എന്റെ ചിത്രം ‘ദോ ഔർ ദോ പ്യാർ’ പരാജയപ്പെട്ടപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടിരുന്നു. ഒരുപാട് കരഞ്ഞു. വ്യക്തിപരമായി എനിക്ക് ആ സിനിമയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. ആ സിനിമയുടെ കഥയും നിർമാണവും വളരെ ഇഷ്ടപ്പെട്ടിരുന്നു.
ബോക്‌സ് ഓഫീസ് പാരാമീറ്ററുകൾ വളരെ പ്രധാനമാണ്. കാരണം ഇതൊരു ബിസിനസാണ്. നമ്മൾ അതിൽ 5 രൂപ നിക്ഷേപിച്ചാൽ കുറഞ്ഞത് 6 രൂപ ലാഭം കിട്ടണം. ബോക്സ് ഓഫീസിലെ വർധിച്ചുവരുന്ന കണക്കുകൾ സിനിമയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മിക്ക സിനിമകളും പരാജയപ്പെടുന്ന ഇന്നത്തെ കാലത്ത്. അത്തരമൊരു സാഹചര്യത്തിൽ ‘ഭൂൽ ഭുലയ്യ 3′ ബോക്സ് ഓഫീസിൽ വിജയം നേടിയപ്പോൾ വളരെ സന്തോഷവും ആശ്വാസവും തോന്നി,’ വിദ്യ ബാലൻ പറയുന്നു.
ഭൂൽ ഭുലയ്യ 4 ഉടൻ തന്നെ ഒരുങ്ങുന്നുവെന്ന വാർത്തകൾ വരുന്നുണ്ടെന്നും ആ ചിത്രത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്നും വിദ്യ ബാലൻ പറയുന്നു. എന്നാൽ ആ ചിത്രത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.
മാധുരി ദീക്ഷിതിനെക്കുറിച്ചും വിദ്യ ബാലൻ സംസാരിച്ചു,
അനീസ് ബാസ്മി മാധുരിക്ക് ഭൂൽ ഭുലയ്യയിലെ വേഷം വാഗ്ദാനം ചെയ്തപ്പോൾ അവർ ഉടനടി സമ്മതിക്കുകയായിരുന്നെന്നും മാധുരി സിനിമയുടെ ഭാഗമാകാൻ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്റെ സന്തോഷത്തിന് അതിരില്ലായിരുന്നെന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു.
Content Highlight: Vidya Balan talking about failure in film field