| Sunday, 1st November 2026, 2:01 pm

ഒരു കിലോമീറ്റര്‍ നീളമുള്ള എക്‌സല്‍ ഷീറ്റ്; സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ പേര് പ്രദര്‍ശിപ്പിച്ച് കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍

റെന്വര്‍ പി

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവരുടെ പേരുകള്‍ അടങ്ങിയ ഒരു എക്‌സല്‍ ഷീറ്റുമായി രാംലീല മൈതാനത്തേക്ക് മാര്‍ച്ച് നടത്തി കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി സംഘടിപ്പിക്കുന്ന മഹാ റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നതാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ പ്രതിഷേധക്കാരുംം,

ഏകദേശം ഒരു കിലോമീറ്റര്‍ നീളമുള്ളതാണ് പ്രതിഷേധക്കാരുടെ പക്കലുള്ള പട്ടിക. വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ട, തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ളവരുടെ പേരുകള്‍ മാത്രമാണ് പട്ടികയിലുള്ളതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പത്ത് ലക്ഷത്തോളം പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ അറിയിച്ചത്. പ്രതിഷേധം തുടങ്ങുന്നതിന് മുമ്പ് തന്നെ വലിയ ജനക്കൂട്ടം രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും വിമര്‍ശിക്കുന്ന പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ സമര സ്ഥലത്ത് എത്തിയത്.

വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്ന സംഘങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.രാംലീല മൈതാനത്ത് എത്തിയ നാടന്‍ കലാകാരന്മാര്‍, നൃത്തം ചെയ്തും പാട്ടുപാടിയും പ്രതിഷേധത്തില്‍ പങ്കാളികളാവുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര, നാഷണല്‍ കോണ്‍ഫറന്‍സ് എം.പി ഫാറൂഖ് അബ്ദുള്ള, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി-എസ്.സി.പി എം.പി സുപ്രിയ സുലെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ രാം ലീല മൈതാനത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ദല്‍ഹി കൊണാട്ട് പ്ലേസില്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു.

ഞായറാഴ്ച ഉച്ചയോടെ പ്രതിഷേധ സ്ഥലത്ത് ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ പ്രവര്‍ത്തകരും അനുഭാവികളും, അവരുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Content Highlight: Vidoe of protestors marched towards Ramlila Maidan with an Excel sheet Printout

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more