ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ തന്റെ ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ.
തനിക്ക് 26 വയസുള്ളപ്പോഴാണ് പരിണീത പുറത്തിറങ്ങുന്നതെന്നും ആ പ്രായത്തില്‍ നടികള്‍ എല്ലാവരും കല്യാണം കഴിച്ച് അഭിനയത്തില്‍ നിന്ന് പോകുകയാണ് പതിവെന്നും വിദ്യ ബാലന്‍ പറയുന്നു. എന്നാല്‍ താന്‍ സിനിമയിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിച്ചായിരുന്നുവെന്നും അത്തരം സങ്കല്പങ്ങളൊക്കെ മാറിക്കൊണ്ടിരുന്ന സമയമായിരുന്നു അതെന്നും വിദ്യ പറഞ്ഞു.
‘സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷമായെന്ന് എനിക്ക് തോന്നുന്നേയില്ല. ഇടക്ക് തോന്നും ‘സിനിമയിലെത്തിയിട്ട് വെറും ഇരുപത് വര്‍ഷമേ ആയിട്ടുള്ളു’ എന്ന്. ഇടക്ക് തോന്നും ‘അയ്യോ ഇരുപത് വര്‍ഷം ആയി’ എന്ന്. അങ്ങനെ ഒരു മിക്‌സഡ് ഫീലാണ് എനിക്ക്,’ വിദ്യ ബാലന്‍ പറയുന്നു.
സിനിമയില്‍ വൈകി എത്തിയതുകൊണ്ടുതന്നെ പിടിച്ച് നില്‍ക്കേണ്ടത് തന്റെ ആവശ്യമായിരുന്നുവെന്നും വിദ്യ പറഞ്ഞു. താന്‍ സിനിമാ കുടുംബത്തില്‍ നിന്നല്ല വരുന്നതെന്നും അതുകൊണ്ടുതന്നെ ആദ്യകാലത്തെല്ലാം തന്നെക്കുറിച്ച് ആളുകള്‍ എഴുതിയത് വായിച്ച് സങ്കടപ്പെട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് ഉയര്‍ച്ച താഴ്ചകളുള്ള അവിശ്വസനീയമായ യാത്രയായിരുന്നു തന്റെ ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതമെന്നും അന്നെങ്ങനെയാണോ അതുപോലെതന്നെയാണ് ഇനിയും താന്‍ മുന്നോട്ട് പോകുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ജീവിതത്തെ അത്ര ഗൗരവമായി എടുക്കുന്നില്ല. എന്റെ അമ്മ ഒരു തമിഴ് പഴഞ്ചൊല്ല് പറയുമായിരുന്നു, ‘ഒരു മൊട്ടാകാതെ നീ ഒരു പൂവായി വിരിഞ്ഞു’ എന്ന്. എന്റെ പ്രായത്തിനപ്പുറം എനിക്ക് പക്വത ഉണ്ടെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. പക്ഷേ ഇപ്പോള്‍, എന്റെ 40കളില്‍ ഞാന്‍ എത്തിനില്‍ക്കുമ്പോള്‍ ഞാന്‍ പിന്നെയും കുട്ടിയായതുപോലെയാണ് ഇപ്പോഴെനിക്ക് തോന്നുന്നത്,’ വിദ്യ ബാലന്‍ പറഞ്ഞു.
Content Highlight: Vidhya Balan Talks About Her Twenty Years Of Film Journey