2003ല് പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഭാലോ തേക്കോ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടിയാണ് വിദ്യ ബാലന്. എന്നാല് പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ പ്രശസ്തയായത്. നിരവധി സിനിമകളില് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി ദി ഡേര്ട്ടി പിക്ചര് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്ഡ് സ്വന്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയിലര് 2വാണ് വിദ്യയുടെതായി റിലീസായ ഏറ്റവും പുതിയ ചിത്രം. സൂപ്പര് സ്റ്റാര് രജിനികാന്തിനെ നായകനാക്കി നെല്സണ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു സിനിമാലോകത്ത് നിന്നും ലഭിച്ചത്. രജിനിക്കും വിദ്യ ബാലനും പുറമെ ശിവരാജ് കുമാര്, മോഹന്ലാല്, എസ്.ജെ സൂര്യ, ഹൃത്വിക് റോഷന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിന് വമ്പന് പ്രതികരണമായിരുന്നു ആദ്യദിനത്തില് ലഭിച്ചത്.
ജയിലര് 2. Photo: X.com
ചിത്രത്തില് വിദ്യാ ബാലന് അവതരിപ്പിച്ച നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു തിയേറ്ററുകളില് നിന്നും ലഭിച്ചത്. ജയിലര് 2വുമായി ബന്ധപ്പെട്ടുള്ള ചര്ച്ചകള് സജീവമാകുന്നതിനിടെ കരിയറിന്റെ തുടക്കകാലത്ത് ഒരു തമിഴ് സംവിധായകനില് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യാ ബാലന് പറഞ്ഞ വാക്കുകളാണ് സിനിമാലോകത്ത് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
താനൊരു തമിഴ് ചിത്രം ചെയ്തിരുന്നുവെന്നും കുറച്ച് ദിവസം ചിത്രത്തില് താന് അഭിനയിച്ചെങ്കിലും പിന്നീട് ചിത്രത്തില് നിന്നും തന്നെ മാറ്റിയെന്നും വിദ്യാ ബാലന് പറയുന്നു. താനൊരു ബാഡ് ന്യൂസാണെന്ന് പറഞ്ഞായിരുന്നു ചിത്രത്തില് നിന്നും മാറ്റിയതെന്ന് താരം ഓര്ത്തെടുക്കുന്നു.
‘പക്ഷേ അദ്ദേഹം ചെയ്ത ഒരു കാര്യം ഞാനൊരിക്കലും മറക്കില്ല. എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറഞ്ഞ് ഞാന് എന്റെ രക്ഷിതാക്കളോടൊപ്പം പോയി ആ സംവിധായകനോട് സംസാരിച്ചു. ചെന്നൈയിലെ അയാളുടെ ഓഫീസില് പോയപ്പോള് ചിത്രത്തിനായി ഷൂട്ട് ചെയ്ത ഒന്ന് രണ്ട് ക്ലിപ്പ് എനിക്ക് കാണിച്ചുതന്നു. എന്നിട്ട് ഏത് ആങ്കിളില് നിന്നാണ് ഒരു ഹീറോയിനെ പോലെ ഇവളെ തോന്നുന്നതെന്ന് എന്റെ രക്ഷിതാക്കളോട് അയാള് ചോദിച്ചു. ഇവള്ക്ക് അഭിനയിക്കാനും നൃത്തം ചെയ്യാനും അറിയില്ലെന്നും അയാള് പറഞ്ഞു.
ജയിലര് 2. Photo: X.com
എന്നെക്കൊണ്ട് ആദ്യം അഭിനയിപ്പിക്കുകയും ഡാന്സ് ചെയ്യിപ്പിക്കുകയും ചെയ്യൂ എന്നിട്ട് പറയൂ എന്നായിരുന്നു എന്റെ നിലപാട്. അത്രയും കുറച്ച് ഷോട്ടുകള് മാത്രമായിരുന്നു എന്റേതായി എടുത്തത്. ആ സംഭവത്തിന് ശേഷം ആറ് മാസത്തോളം ഞാന് കണ്ണാടിയില് നോക്കിയിരുന്നില്ല. കാരണം എന്നെ അഗ്ലിയായി എനിക്ക് ഫീല് ചെയ്തു. അതിന് ശേഷമാണ് എനിക്ക് മനസിലായത് എപ്പോഴും നിങ്ങളുടെ വാക്കുകള് കൈന്ഡ് ആയിരിക്കണമെന്ന്. കാരണം നമ്മളെ തകര്ക്കാനുള്ള പവര് വാക്കുകള്ക്കുണ്ട്. ആളുകളുടെ അടുത്ത് ദയ കാണിക്കണമെന്ന് എന്നെ പഠിപ്പിച്ച സംഭവമായിരുന്നു അത്,’ വിദ്യ ബാലന് പറഞ്ഞു.
Content Highlight: Vidhya Balan’s old interview goes viral on social media