പാദമുദ്ര എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഗായകനാണ് വിധു പ്രതാപ്. എന്നാല്‍ ദേവദാസി എന്ന ചിത്രത്തിലെ ‘പൊന്‍ വസന്തം’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചതിന് ശേഷമാണ് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് 1999ല്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്‌രിയ’ എന്ന ഗാനം വിധുവിനെ ഏറെ ശ്രദ്ധേയനാക്കി.
അദ്ദേഹത്തിന്റെ ‘സുഖമാണീ നിലാവ്’, ‘കാറ്റാടി തണലും’ എന്ന് തുടങ്ങുന്ന ഗാനങ്ങളൊന്നും മലയാളികള്‍ മറക്കില്ല. പാലക്കാട് വെച്ച് ഒരു പരിപാടിക്കിടെ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ വിധു പ്രതാപ്.
‘ അന്ന് പാടത്തായിരുന്നു പരിപാടി നടന്നുകൊണ്ടിരുന്നത്. അന്ന് കൃത്യമായ വയറിങും സംവിധാനങ്ങളും ഒന്നും ഇല്ല. പാടത്ത് മഴ പെയ്തതുകൊണ്ട് വെള്ളം ഉണ്ടായിരുന്നു. ആളുകളൊക്കെ വന്നിരുന്നിട്ട്, ജനം ഇങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ്. അവിടെ ഒരു പോസ്റ്റുണ്ട് അതുവഴി വയറിങ്ങും ഉണ്ട്,’ വിധു പറയുന്നു.
അന്നത്തെ കാലത്ത് സുരക്ഷസൗകര്യങ്ങളൊന്നും അധികമുണ്ടായിരുന്നില്ലെന്നും മുമ്പില്‍ ഇരുന്ന അഞ്ചാറാളുകള്‍ക്ക് അടുപ്പിച്ച് ഷോക്ക് അടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യത്തിന് മരണമോ മറ്റ് പ്രശ്‌നങ്ങളൊന്നും സംഭവിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു പ്രശ്‌നങ്ങളും ഉണ്ടാകാതിരുന്നത് ഒരു ബ്ലെസിങ്ങ് ആയിരുന്നു. കുറച്ചുപേര്‍ക്ക് പരിക്ക് പറ്റി അവരെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഒരു മരണം സംഭവിച്ച് കഴിഞ്ഞാല്‍ നമ്മള്‍ക്ക് അത് മനസിന് ഒരു ബുദ്ധിമുട്ടായിരിക്കും. നമ്മള്‍ ആരെങ്കിലും വിചാരിക്കുമോ ഒരു കോളേജിന്റെ കാന്റീനില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫ്‌ലൈറ്റ് ഇടിഞ്ഞു വീഴുമെന്ന്. അങ്ങനെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമ പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്,’ വിധു പ്രതാപ് പറയുന്നു.
Content highlight: Vidhu Pratap sharing experience he had during an event in Palakkad