| Monday, 3rd August 2026, 12:47 am

പ്രധാനമന്ത്രിക്കെതിരായ 'മോശം ഭാഷ' സ്വീകാര്യമല്ലായിരിക്കാം, പക്ഷേ നിയമ വിരുദ്ധമല്ല: ഐ.എഫ്.എഫ്

റെന്വര്‍ പി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐ.എഫ്.എഫ്). പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരുക്കന്‍ ഭാഷ ഉപയോഗിച്ചു എന്നാരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുക്കുകയും അവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് ഐ.എഫ്.എഫിന്റെ പ്രതികരണം.

ആരെങ്കിലും മോശം ഭാഷയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചാല്‍ അദ്ദേഹം മാനനഷ്ടത്തിന് ഒരു സ്വകാര്യ പരാതി നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ഐ.എഫ്.എഫ് സ്ഥാപകനും അഭിഭാഷകനുമായി അപാര്‍ ഗുപ്ത പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ പ്രതിഷേധക്കാരുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് അനധികൃതമായി അവരുടെ ഐഡന്റിറ്റികള്‍ വെളിപ്പെടുത്തുകയല്ല വേണ്ടത്. അത് നിയമ വിരുദ്ധമാണെന്നും ഐ.എഫ്.എഫ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അപാര്‍ ഗുപ്ത വ്യക്താക്കി.

മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചു എന്ന ആരോപണത്തില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്കെതിരെ നോയിഡ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈ കേസിനെകുറിച്ചും അപാര്‍ ഗുപ്ത വീഡിയോയില്‍ സൂചിപ്പിച്ചു. പെണ്‍കുട്ടി മോദിക്കെതിരെ നടത്തിയ ഭാഷാ പ്രയോഗം ഇവിടെ സ്വീകാര്യമല്ലാതിരിക്കാമെങ്കിലും ആ പ്രയോഗം നിയമ വിരുദ്ധമല്ലെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.

‘ഒരു പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കേസ് നമ്മള്‍ കണ്ടു. ഒരു വൈറല്‍ വീഡിയോയില്‍ അവര്‍ പ്രധാനമന്ത്രിക്കെതിരെ പരുഷമായ ഭാഷ ഉപയോഗിച്ചിരുന്നു. ആ പെണ്‍കുട്ടി ചെയ്തതിനെ സാമൂഹികമായി അസ്വീകാര്യമായ ഒന്നായി മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. ആ പെണ്‍കുട്ടി ചെയ്തത് വ്യക്തമായും നിയമവിരുദ്ധമായ കാര്യമല്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടന്നെന്ന് ചിത്രീകരിച്ച് അതിലൂടെ പ്രതിഷേധത്തിന്റെ നിയമ സാധുതയെ റദ്ദാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഐ.എഫ്.എഫ് ചൂണ്ടിക്കാട്ടി. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെ ലക്ഷ്യമിട്ട് അവരുടെ നിയമ സാധുതയെ റദ്ദാക്കിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഓഗസ്റ്റ് 1 ആണ്. സിജെപി പ്രതിഷേധം അവസാനിച്ചിട്ട് ഒരാഴ്ച തികയുന്നു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് യുവതികളെ ഓണ്‍ലൈനില്‍ വേട്ടയാടുകയും അപമാനിക്കുകയും ചെയ്യുന്നു. പധാനമന്ത്രിക്കെതിരെ അധിക്ഷേപം നടന്നതായി ചിത്രീകരിക്കപ്പെടുന്നു. പ്രതിഷേധത്തിനും അതില് പങ്കെടുത്ത സ്ത്രീകളുടെയും നിയമ സാധുതയെ റദ്ദാക്കാന്‍ ഈ പ്രചാരണങ്ങള്‍ ഉപയോഗിക്കുന്നു,’ ഗുപ്ത പറഞ്ഞു.

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനിടെയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശ്രദ്ധ സിങ് എന്ന 23 വയസ്സുള്ള ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ഓണ്‍ലൈനില്‍ വധഭീഷണി ലഭിക്കുന്നതായി സ്‌ക്രോള്‍ ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും വീഡിയോയില്‍ ഗുപ്ത സംസാരിക്കുന്നു.

‘സ്‌ക്രോളില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടാണ് ഞാന്‍ ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. മധ്യപ്രദേശില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വന്ന 23 വയസ്സുള്ള ശ്രദ്ധ സിംഗ് എന്ന പെണ്‍കുട്ടിയുടെ കാര്യമാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകള്‍ അവള്‍ക്ക് നിരന്തരം വധഭീഷണി അയച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ അവര്‍ അത് അവളുടെ അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊണ്ടിരിക്കുന്നു,’ ഗുപ്ത പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതികളെ ഭീഷണിപ്പെടുത്തുന്നവര്‍ ആ യുവതികളുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ആ യുവതികള്‍ക്കെതിരെ ഭൗതികമായ ആക്രമണത്തിന് കാരണമാവുമെന്നും ഗുപ്ത ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഫെബ്രുവരിയിലെ ഒരു കോടതി വിധിയില്‍ ആ സാധ്യതയെ കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫെബ്രുവരിയില്‍ ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇത് നിരിക്ഷിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെകുറിച്ച് ഒരു യുവതി ട്വീറ്റ് ചെയ്യുകയും യുവതിയുടെ വ്യക്തി വിവരങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു ആ ഉത്തരവ്. അത്തരം സാഹചര്യങ്ങളില്‍ ഭൗതികമായി ആക്രമിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുമെന്ന് അന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു,’ ഗുപ്ത പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത മുസ് ലിം സ്ത്രീകള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും ഐ.എഫ്.എഫിന്റെ വീഡിയോയില്‍ പറയുന്നു. സുള്ളി ഡീല്‍സ്, ബുള്ളി ഭായ് എന്നീ പേരുകളിലുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഇപ്പോള്‍ നീറ്റ് പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളും അന്നത്തേതിന് സമാനമാണെന്നും ഐ.എഫ്.എഫ് ചൂണ്ടിക്കാട്ടി.

‘2022 ല്‍ ബുള്ളി ഭായ്, സള്ളി ഡീല്‍സ് എന്നീ ആപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓണ്‍ലൈനില്‍ തങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്തിയ മുസ് ലിം യുവതികള്‍ക്കെതിരെ ആയിരുന്നു ആ ആപ്പുകള്‍. ഇപ്പോളത്തെ സാഹചര്യവും അതിന് സമാനമാണ്,’ വീഡിയോയില്‍ അപാര്‍ ഗുപ്ത പറഞ്ഞു.

ഈ വിഷയത്തില്‍ ഐ.എഫ്.എഫ് ദേശീയ വനിതാ കമ്മീഷനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും പരാതി എഴുതാന്‍ പോലുകയാണെന്നും ഗുപ്ത വ്യക്തമാക്കി. സ്ത്രീകളെ വേട്ടയാടണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയില്‍ പോസ്റ്റുകള്‍ ആരുടേതൊക്കെയാണെന്ന് തങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Video using coarse language on the prime minister: this could be socially unacceptable, but it is clearly not illegal: Internet Freedom Foundation

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more