| Thursday, 1st June 2017, 4:34 pm

'വെറുതയ്യല്ല കോഹ്‌ലി ഇങ്ങനെ പൊക്കുന്നത്'; വിക്കറ്റിനും മുന്നിലും പിന്നിലും ധോണിയുടെ പകരക്കാരനാകാന്‍ ദിനേശ് കാര്‍ത്തിക് തയ്യാര്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വിക്കറ്റിനു പിന്നില്‍ ഇരയ്ക്കു വേണ്ടി സദാ ജാഗരൂകനായി കാത്തിരിക്കുന്ന വേട്ടക്കാരനും വിക്കറ്റിനു മുന്നില്‍ ബൗളര്‍മാരെ നിഷ്‌കരുണം മര്‍ദ്ദിക്കുന്ന പോരാളിയുമാണ് എം.എസ് ധോണി. അദ്ദേഹത്തിന് ഒരു പകരക്കാരന്‍ സമീപ കാലത്തൊന്നും ഉണ്ടാകില്ല. റിഷഭ് പന്തിനെ പോലുള്ളവരുടെ ഭാവി കണ്ടറിയേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നല്‍കുന്ന സൂചനകള്‍ വേറെയാണ്.

വിക്കറ്റിനു പിന്നിലും മുന്നിലും ധോണിയ്ക്ക് പകരക്കാരനാകാന്‍ ദിനേശ് കാര്‍ത്തിക് തയ്യാറാണെന്നാണ് ദിനേശിന്റെ പ്രകടനം നല്‍കുന്ന സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ധോണിയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായത് ദിനേശായിരുന്നു. കീപ്പിംഗില്‍ ധോണിയുടെ കുറവ് താരം അറിയിച്ചതേയില്ല. നാല് ബംഗ്ലാ വിക്കറ്റുകളാണ് ദിനേശ് പറന്നു പിടിച്ചെടുത്തത്.

ഇതില്‍ മഹ്മദുല്ലയെ പൂജ്യനാക്കിയ കാര്‍ത്തികിന്റെ ക്യാച്ച് പ്രത്യേകം ശ്രദ്ധേയമായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അവിശ്വസനീയമായാണ് ഡൈവ് ചെയ്താണ് കാര്‍ത്തിക് ഈ ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തില്‍ ബാറ്റ് കൊണ്ടും ദിനേശ് കാര്‍ത്തിക് അത്ഭുതം കാട്ടിയിരുന്നു. 77 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 94 റണ്‍സാണ് കാര്‍ത്തിക് സ്വന്തമാക്കിയത്. കാര്‍ത്തികിന്റെ മികച്ച പ്രകടനം പാകിസ്താനെതിരെ താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാണെന്ന് ഏറെ കുറെ ഉറപ്പാണ്. കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകള്‍ നായകനും നല്‍കിയിരുന്നു. യുവരാജ് സിംഗായിരിക്കാം കാര്‍ത്തികിന് പകരം പുറത്തിരിക്കേണ്ടി വരുക.

We use cookies to give you the best possible experience. Learn more