ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരമ്പരയില്‍ രണ്ട് ടി – 20 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ജൂണ്‍ 26നാണ് ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ടാം മത്സരം ജൂണ്‍ 28നാണ് നടക്കുക.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. ഈ പരമ്പരക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടിയതിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്ന ആദ്യ പരമ്പരയും കൂടിയാണിത്.
നിലവില്‍ സഞ്ജു ഈ പരമ്പരക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഈ സീരീസിന്റെ ഭാഗമായി സഞ്ജു പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സുകള്‍ അടിക്കുന്നതാണ് വീഡിയോയിലുള്ളത്.
മികച്ച ഷോട്ടുകളിലൂടെ പന്തിനെ അതിര്‍ത്തി കടത്തുന്ന സഞ്ജുവാണ് വിഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അയര്‍ലാന്‍ഡിനെതിരെ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.
അതേസമയം 2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.
Content Highlight: Video of Sanju Samson training ahead of series against Ireland goes viral