| Friday, 6th February 2026, 4:30 pm

ഇതിപ്പോ ആക്കിയതാണോ ഒറിജിനലാണോ; അല്ലു അര്‍ജുന്റെ ലക്കി ദ റേസര്‍ ആഘോഷമാക്കി കോളേജ് വിദ്യാര്‍ത്ഥികള്‍

അശ്വിന്‍ രാജേന്ദ്രന്‍

നോ ലോജിക് ഓണ്‍ലി മാഡ്‌നെസ്സ് എന്ന ടാഗ് ലൈനില്‍ അടുത്തകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഭ ഭ ബ. എന്നാല്‍ ചിത്രത്തിന്റെ ടാഗ് ലൈനോട് നീതി പുലര്‍ത്തുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം. ഇതിന് ഉദാഹരണമായി സിനിമാപേജുകള്‍ ചൂണ്ടിക്കാണിച്ചത് അല്ലു അര്‍ജുന്‍ നായകനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ ലക്കി ദ റേസര്‍ എന്ന ചിത്രമായിരുന്നു.

റേസ് ഗുറം എന്ന് തെലുങ്കില്‍ അറിയപ്പെടുന്ന ചിത്രത്തിലെ പല സീനുകളും ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ നാടകീയത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു. എന്നാല്‍ സംവിധായകന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ഇപ്പോഴാണ് പലര്‍ക്കും മനസ്സിലായതെന്ന ടാഗ് ലൈനോടെയാണ് ചിത്രം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.

കില്‍ ബില്‍ പാണ്ഡെ ചിത്രത്തില്‍. Photo: screen grab/ Mango videos/ youtube.com

ഇപ്പോഴിതാ പാലക്കാട് കല്ലടി എം.ഇ.എസ് കോളേജില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ വിദ്യര്‍ത്ഥികളുടെ റിയാക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോളേജിലെ ഹാളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ച് തിയേറ്ററിന് സമാനമായ അന്തരീക്ഷം വിദ്യര്‍ത്ഥികള്‍ സൃഷ്ടിച്ചിട്ടുണ്ട്. വലിയ ആഘോഷത്തോടെ വമ്പന്‍ ജനാവലിയാണ് ചിത്രം കാണാനായി ഹാളിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

മല്ലു അര്‍ജുന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അല്ലുവിന്റെ ഓരോ എന്‍ട്രിയും വലിയ ആവേശത്തോടെയാണ് വിദ്യര്‍ത്ഥികള്‍ സ്വീകരിക്കുന്നത്. ചിത്രത്തില്‍ അല്ലു പൊലീസ് യൂണിഫോമില്‍ ബൈക്കിലെത്തുന്ന രംഗത്തിനാണ് ഏറ്റവും കൂടുതല്‍ കൈയടി. ഗുണ്ടകള്‍ സഞ്ചരിച്ച കാറിന് മുന്നിലേക്ക് അല്ലു എത്തുമ്പോള്‍ സടന്‍ ബ്രേക്കിടുന്നതും നാല് ഡോറും ഫ്രണ്ട് ഗ്ലാസും പൊട്ടിച്ച് ഗുണ്ടകള്‍ പുറത്തെത്തുന്നതുമാണ് സീനിനെ മാസാക്കുന്നത്.

പ്രശസ്ത തെലുങ്ക് കോമഡി താരം ബ്രഹ്‌മാനന്ദം അവതരിപ്പിച്ച കില്‍ ബില്‍ പാണ്ഡെയാണ് അല്ലുവിനെക്കാള്‍ കൈയടി നേടിയത്. താരതമ്യേന ഹാസ്യകഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്ത താരത്തിന്റെ വേറെ ലെവല്‍ പെര്‍ഫോമന്‍സായിരുന്നു ചിത്രത്തില്‍ കണ്ടത്. അഴിമതിക്കും അക്രമത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരനായ കില്‍ ബില്‍ പാണ്ഡെയുടെ ഒറ്റയടിക്ക് കാറിന്റെ മുന്‍ചക്രങ്ങള്‍ ഊരിതെറിക്കുന്നത് കാണാം. ലോജിക്കിന് നിരക്കുന്നതല്ലെങ്കിലും കഥാപാത്രത്തിന്റെ അവതരണവും പശ്ചാത്തല സംഗീതവും ഈ രംഗങ്ങളെല്ലാം വേറിട്ടതാക്കുന്നു.

Photo: DRJ Records Gen y

ചിത്രത്തിലെ പല രംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നപ്പോഴും ഒരുപറ്റം ആരാധകര്‍ തലച്ചോറ് മാറ്റിവെച്ച് ചിത്രം കാണാനാണ് മറ്റുള്ളവരോട് ആവശ്യപ്പെടുന്നത്. ഓരോ ചിത്രവും ആസ്വദിക്കേണ്ട രീതി വ്യത്യസ്തമാണെന്നും തിയേറ്ററുകളില്‍ ആഘോഷിക്കേണ്ട ചിത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് തമന്‍.എസ് ആണ്. ചിത്രത്തില്‍ ശ്രുതി ഹാസന്‍, രവി കിഷന്‍, ശ്യം, പ്രകാശ് രാജ്, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Video of re release of luck the racer film went at kalladi mes college went viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more