| Wednesday, 30th July 2025, 10:35 pm

ഫാന്‍ ബോയ് ആയിപ്പോയില്ലേ, 'മലയാളം പഠിപ്പിക്കാമോ' എന്ന കജോളിന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ ഡയലോഗ് പഠിപ്പിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം നേടിയ നടനാണ് പൃഥ്വിരാജ്. പാന്‍ ഇന്ത്യന്‍ തലത്തിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള മൂന്നാമത്തെ സംവിധാനസംരംഭമായ എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായി മാറ്റാന്‍ പൃഥ്വിക്ക് സാധിച്ചു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് പൃഥ്വിയെന്ന് പലപ്പോഴായി സിനിമാപ്രേമികള്‍ക്ക് മനസിലായിട്ടുള്ളതാണ്. ആദ്യചിത്രമായ ലൂസിഫറില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ പൃഥ്വിരാജ് എന്ന ഫാന്‍ബോയ്ക്ക് സാധിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിനോടുള്ള പൃഥ്വിയുടെ ആരാധന ബോളിവുഡിനെയും അറിയിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ ചിത്രമായ സര്‍സമീന്റെ പ്രൊമോഷന്റെ ഭാഗമായി കജോളും പൃഥ്വിയും തമ്മിലുള്ള സംഭാഷണമാണ് വൈറലായിരിക്കുന്നത്. തനിക്ക് ഏതെങ്കിലുമൊരു മലയാളം വാക്ക് പഠിപ്പിച്ച് തരാമോയെന്ന കജോളിന്റെ ചോദ്യവും അതിന് പൃഥ്വി നല്‍കിയ മറുപടിയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

‘മക്കളേ ഇതാണ് നമ്മുടെ അവസരം, കജോളിനെ മലയാളം പഠിപ്പിക്കാന്‍ ഇതാണ് ചാന്‍സ്’ എന്ന് ആത്മഗതം പറഞ്ഞുകൊണ്ടാണ് പൃഥ്വി ആരംഭിച്ചത്. തുടര്‍ന്ന് കജോളിനോട് തോള് ചെരിച്ച് മോഹന്‍ലാലിന്റെ ‘എന്താ മോനേ ദിനേശാ’ എന്ന ഐക്കോണിക് ഡയലോഗ് പൃഥ്വിരാജ് പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. കജോള്‍ മനോഹരമായി അത് പറയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

‘എന്തൊക്കെയുണ്ട് എന്നതിന് മലയാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണിത്. മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ പറയുനന സിനിമാ ഡയലോഗാണിത്. ഞങ്ങളുടെ ഇടയില്‍ ഇത് ഐക്കോണിക്കാണ്. ഈയൊരൊറ്റ ഡയലോഗ് കൊണ്ട് ഞാനടക്കമുള്ള എല്ലാ മോഹന്‍ലാല്‍ ഫാന്‍സിന്റെയും ഗുഡ് ബുക്കില്‍ നിങ്ങള്‍ ഇടംപിടിച്ചിരിക്കുകയാണ്,’ പൃഥ്വിരാജ് കജോളിനോട് പറഞ്ഞു.

പൃഥ്വിരാജ്, ഇബ്രാഹിം അലി ഖാന്‍, കജോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കയേസ് ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് സര്‍സമീന്‍. ജിയോ ഹോട്‌സ്റ്റാറിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കേണല്‍ വിജയ് മേനോന്‍ എന്ന കഥാപാത്രമായണ് പൃഥ്വി സര്‍സമീനില്‍ വേഷമിട്ടത്.

Content Highlight: Video of Prithviraj teaching Malayalam to Kajol gone Viral in Social Media

We use cookies to give you the best possible experience. Learn more