| Friday, 24th April 2026, 9:53 pm

താന്‍ പാടിയ പാട്ട് കേള്‍പ്പിക്കുമ്പോള്‍ ലാലേട്ടന്റെ സന്തോഷം നോക്കിയേ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

നാലുപതിറ്റാണ്ടിലധികമായി ഒരു സിനിമാ മേഖലയുടെ അമരക്കാരനായി തുടരുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇത്തരത്തില്‍ തുടരുക മാത്രമല്ല നിലവിലെ യുവതാരങ്ങളാര്‍ക്കും വട്ടം വെക്കാന്‍ സാധിക്കാത്ത തരത്തില്‍ മുന്നേറുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍. കാര്യമായ വിജയചിത്രങ്ങളില്ലാതെ പരാജയപ്പെട്ട സാഹചര്യത്തില്‍ നിന്നും തന്റെ സിംഹാസനം ആര്‍ക്കും അടിയറവ് വെച്ചിട്ടില്ലെന്ന് വിളിച്ചറിയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി മൂന്ന് ഹിറ്റുകളുമായി താരം തിരിച്ചെത്തിയത്.

200 കോടിയിലധികം നേടിയ എമ്പുരാന്‍ തുടരും മികച്ച വിജയം സ്വന്തമാക്കിയ ഹൃദയപൂര്‍വ്വവും കൊണ്ട് 2025 കളറാക്കിയ മോഹന്‍ലാലിന്റെതായി 2026 ല്‍ വരാനിരിക്കുന്നതും വമ്പന്‍ ചിത്രങ്ങളാണ്. ഹിറ്റ് ഫ്രാഞ്ചൈസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം, മമ്മൂട്ടിയോടൊപ്പമുള്ള പേട്രിയറ്റ്, തരുണ്‍ മൂര്‍ത്തിക്കൊപ്പമുള്ള അതിമനോഹരം, പൃഥ്വിരാജിനൊപ്പമുള്ള ഖലീഫ, തുടങ്ങിയവയെല്ലാം മലയാളത്തിലെ താരത്തിന്റെ എക്‌സൈറ്റിങ് പ്രൊജക്ടുകളാണ്. ഇതോടൊപ്പം തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ കാമിയോ റോളില്‍ പ്രേക്ഷകരെ കൈയിലെടുത്ത താരം രണ്ടാം ഭാഗത്തിലും ഭാഗമാകുന്നുണ്ട്.

ജയിലര്‍. Photo: Fiimibeat

ജയിലറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് കന്നടഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിനൊപ്പമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷൂട്ടിനിടെ താരത്തിന്റെ കഥാപാത്രമായ മാത്യൂവിന്റെ കോസ്റ്റിയൂമില്‍ ഇരിക്കവെ ശിവരാജ്കുമാറിന് താന്‍ പാടിയ കന്നഡ ഗാനം ഫോണില്‍ കേള്‍പ്പിച്ച് നല്‍കുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ശിവരാജ്കുമാറിന് തന്റെ ഗാനം മോഹന്‍ലാല്‍ കേള്‍പ്പിച്ച് നല്‍കുന്നതെന്നും ഏറെ കൗതുകത്തോടെയാണ് ശിവരാജ് കുമാറിത് ശ്രവിക്കുന്നതെന്നും കാണാം.

ഇതോടൊപ്പം ചിത്രത്തിലെ താരത്തിന്റെ ലുക്കും പുറത്തായിരിക്കുകയാണ്. ആദ്യഭാഗത്തിലേത് പോലെ തന്നെയുള്ള കോസ്റ്റിയൂമാണ് താരം ധരിച്ചിരിക്കുന്നതെന്ന് കാണാം. ജയിലറില്‍ ഏറെ ചര്‍ച്ചയായത് താരത്തിന്റെ ലുക്കായിരുന്നു.

ജയിലര്‍. Photo: NDTV

ജയിലറിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിനും ശിവരാജ് കുമാറിനും പുറമെ ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ് ഖാനും കാമിയോ റോളിലെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കിങ്ങിലേക്ക് താരം പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ചിത്രത്തില്‍ നിന്നും താരം പിന്മാറുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Video of Mohanlal and Shivarajkumar goes viral in Jailer 2 sets

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more