| Saturday, 11th October 2025, 12:47 pm

മലയാളി പെണ്‍കുട്ടിയോട് ജയ് ശ്രീ റാം വിളിക്കാമോ എന്ന് ഹിന്ദി യൂട്യൂബര്‍, പറ്റില്ലെന്ന് മറുപടി, വീഡിയോ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എക്‌സില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഉത്തരേന്ത്യയിലെ ഒരു യൂട്യൂബര്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് സംസാരിക്കുന്ന വീഡിയോ പല തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കുള്ള നഗരത്തിലൂടെ ആളുകളോട് ദീപാവലിയുടെ ഐതിഹ്യം അറിയാമോ എന്ന് ചോദിക്കുന്നുണ്ട്.

ഒടുവില്‍ ഒരു പെണ്‍കുട്ടിയോടും ഇതേ ചോദ്യം ചോദിക്കുമ്പോള്‍ അവര്‍ മറുപടിയറിയാതെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. എവിടെ നിന്നാണ് വരുന്നതെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നു. കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കാമോയെന്നും ഇയാള്‍ ചോദിക്കുന്നു. തനിക്ക് വിളിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി പോകുന്നതാണ് ചര്‍ച്ചയായത്.

ഹിന്ദുത്വ വിജിലാന്റെ എന്ന പേജ് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജയ് ശ്രീറാം വിളിക്കാന്‍ താത്പര്യപ്പെടുന്നില്ല, എന്താകും കാരണം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോക്ക് താഴെ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് വലതുപക്ഷ അനുഭാവമുള്ള പ്രൊഫൈലുകള്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

‘റൈസ് ബാഗ് കണ്‍വേര്‍ട്ടുകളാണ് (അരിക്കും ഭക്ഷണത്തിനും വേണ്ടി മതം മാറിയവരാണ് ക്രിസ്ത്യാനികളെന്ന് വലതുപക്ഷ അനുഭാവികള്‍ ഉപയോഗിക്കുന്ന വാക്ക്) കേരളത്തിലുള്ളത്, ഈ നാടിന്റെ സംസ്‌കാരവുമായി ചേര്‍ന്ന് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല’, ‘100 % ലിറ്ററസി സാര്‍’, ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഐ.എസില്‍ ചേര്‍ന്ന സംസ്ഥാനത്തില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍’ എന്നിങ്ങനെയാണ് ആ പെണ്‍കുട്ടിയെയും കേരളത്തെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകള്‍.

എന്നാല്‍ ചോദ്യം ചോദിച്ച യൂട്യൂബറെയും വീഡിയോ പങ്കുവെച്ച പേജിനെതിരെയും കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘സ്വന്തം മതവും വിശ്വാസവും ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയ്‌സ് ആണ്. ആരെങ്കിലും ചോദിച്ചാല്‍ പറയേണ്ടതല്ല അതൊന്നും’, ‘അവള്‍ക്ക് നട്ടെല്ലുള്ളതുകൊണ്ട് വിളിച്ചില്ല, എന്ത് പറയണം, പറയരുത് എന്ന ഉത്തമബോധ്യം ആ പെണ്‍കുട്ടിക്ക് ഉണ്ട്’, ‘കേരളത്തിലുള്ളവര്‍ സ്വന്തം മതം മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാന്‍ ശ്രമിക്കാറില്ല’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

കേരള സ്‌റ്റോറി എന്ന പ്രൊപ്പഗണ്ട ചിത്രത്തിന് ശേഷം കേരളത്തിനെതിര ഇത്തരത്തില്‍ വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ നോര്‍ത്ത് ഇന്ത്യന്‍ പേജുകളില്‍ നിന്ന് ധാരാളമായി പങ്കുവെക്കപ്പെടുകയാണ്. ഈ വീഡിയോ അതിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണവും.

Content Highlight: Video of Kerala Girl refuses to say Jai Sree ram viral in social media

We use cookies to give you the best possible experience. Learn more