രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ മരവിപ്പിക്കലും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാളെ (ഒക്ടോബര്‍ 10, ശനി) ദല്‍ഹി ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ച് സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പിനാണ് തങ്ങള്‍ പോരാടുന്നതെന്ന് ദീപ്‌കെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സമാധാനപരമായിട്ടായിരിക്കും നാളത്തെ പ്രതിഷേധമെന്നും ദീപ്‌കെ പറഞ്ഞു.
മഹാത്മാഗാന്ധിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്ന വിധത്തില്‍ ഈ പ്രതിഷേധത്തെ വന്‍ വിജയമാക്കി മാറ്റേണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ, ഭരണഘടനയില്‍ വിശ്വസിക്കുകയും ഈ രാജ്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട്, ജന്തര്‍ മന്തറിലേക്കുള്ള ഞങ്ങളുടെ മാര്‍ച്ച് നാളെ നടക്കാന്‍ പോവുകയാണ്. നാളെ രാവിലെ ഞാന്‍ മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് തിരിക്കും. ദല്‍ഹിയില്‍ എത്തുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് എനിക്കറിയില്ല. വിമാനത്താവളത്തില്‍ വെച്ചോ പിന്നീട് എപ്പോഴെങ്കിലുമോ എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് പറയാനാവില്ല. എനിക്ക് തീര്‍ച്ചയുമില്ല.
എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പിന്മാറാന്‍ പോകുന്നില്ല. ഭീഷണിക്ക് വഴങ്ങാനും ഞാന്‍ തയ്യാറല്ല, കാരണം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെ നമ്മള്‍ സംരക്ഷിച്ചേ തീരൂ. നിങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്, തടങ്കലിലാക്കപ്പെടുമെന്നോ അറസ്റ്റ് ചെയ്യപ്പെടുമെന്നോ ഉള്ള ഭയം എനിക്കില്ല. ഈ സര്‍ക്കാര്‍ എനിക്കെതിരെ യു.എ.പി.എയോ എന്‍.എസ്.എയോഅല്ലെങ്കില്‍ മറ്റേതെങ്കിലും നിയമമോപ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഞാന്‍ പോരാടുന്ന ലക്ഷ്യം, സി.ജെ.പി പോരാടുന്ന ലക്ഷ്യം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ എന്നതാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി, സമീപകാല നിയമനിര്‍മ്മാണം റദ്ദാക്കല്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നിഷ്പക്ഷവും തികച്ചും സ്വതന്ത്രവുമായ ഒരു പ്രക്രിയ എന്നിവയില്ലാതെ അത്തരം തിരഞ്ഞെടുപ്പുകള്‍ നടക്കില്ല. ഇതൊന്നുമില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അസാധ്യമാണ്.
രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. അതിനാല്‍, ദല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് കൂട്ടമായി എത്തിച്ചേരണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ അഭ്യര്‍ത്ഥന ഞാന്‍ ആവര്‍ത്തിക്കുന്നു, ഓര്‍ക്കുക, നമ്മള്‍ നിയമം അനുസരിക്കുന്ന, സമാധാനപ്രിയരായ പൗരന്മാരാണ്. നമ്മുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടാകരുത്. ഇക്കാര്യം നമ്മള്‍ ഉറപ്പാക്കണം. രാജ്യത്തെയും അതിന്റെ ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് നമ്മള്‍ പോരാടുന്നത്.
നമ്മള്‍ അക്രമികളല്ല. അതിനാല്‍, നാളത്തെ മാര്‍ച്ച് പൂര്‍ണ്ണമായും സമാധാനപരമായിരിക്കുമെന്ന് ഉറപ്പാക്കണം. നമ്മള്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണം. മഹാത്മാഗാന്ധി കാണിച്ചുതന്ന പാത പിന്തുടരണം. സമാധാനമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. അഹിംസയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
സമാധാനപരമായും അഹിംസാത്മകമായും മാര്‍ച്ച് നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നിടത്തോളം കാലം നമ്മുടെ ഭരണഘടന നമ്മളെ സംരക്ഷിക്കും. ഈ സമയത്ത്, കാര്യങ്ങള്‍ തടസ്സപ്പെടുത്താന്‍ അവര്‍ പുറത്തുനിന്നുള്ള ഗുണ്ടകളെ അയച്ചേക്കാം, കഴിഞ്ഞ തവണ ചെയ്തതുപോലെ തന്നെ.
നോക്കൂ, അവര്‍ സ്വതന്ത്ര ഭരദ്വാജ് എന്ന വ്യക്തിക്ക് ജാമ്യം പോലും നല്‍കി. മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
എന്നാല്‍ ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മള്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാണ്. മറ്റെന്തിനേക്കാളും ഉപരിയായി ഈ രാജ്യത്തെ സ്‌നേഹിക്കുന്ന പൗരന്മാരാണ് നമ്മള്‍. എനിക്ക് എന്റെ രാജ്യത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് അമേരിക്ക വിട്ട് ഞാന്‍ ഇങ്ങോട്ട് തിരിച്ചുവന്നത്.
അതിനാല്‍, നമ്മുടെ പ്രതിഷേധവും റാലിയും സമാധാനപരമായിരിക്കുമെന്ന് നാം ഉറപ്പാക്കണം. അത്രമാത്രം ഉറപ്പാക്കിയാല്‍ മതി. ഇതൊരു പോരാട്ടമാണ് – രാജ്യത്തെ രക്ഷിക്കാനുള്ള, രാജ്യത്തെ മെച്ചപ്പെടുത്താനുള്ള പോരാട്ടം. നാം ഒന്നിച്ച് അതിനായി പോരാടും.
ഓര്‍ക്കുക, നാം സമാധാനം പാലിക്കുകയും മഹാത്മാഗാന്ധി കാണിച്ചുതന്ന പാത പിന്തുടരുകയും വേണം. ഇനി ജയിലിനെക്കുറിച്ചുള്ള ഭയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ – എത്ര കാലം നമുക്ക് ഭയന്ന് ജീവിക്കാന്‍ കഴിയും? ഇത്രയും വര്‍ഷങ്ങളായി നാം ഭയന്നല്ലേ ജീവിക്കുന്നത്? അവര്‍ എല്ലാ കാര്യത്തിനും ഭയത്തെയാണ് ആയുധമാക്കുന്നത് – ജയില്‍ ഭീഷണി, കേസുകള്‍, യു.എ.പി.എ, എന്‍.എസ്.എ എന്നിവ ഉപയോഗിച്ച് അവര്‍ നമ്മളെ ഭീഷണിപ്പെടുത്തുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാല്‍, അതിന്മേല്‍ നിങ്ങള്‍ ഞങ്ങളുടെ മേല്‍ യു.എ.പി.എയോ എന്‍.എസ്.എയോ ചുമത്തുമോ? സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നത് യു.എ.പി.എ ചുമത്താനുള്ള കാരണമാണെങ്കില്‍ – എങ്കില്‍ ആയിക്കോട്ടെ, യു.എ.പി.എയും എന്‍.എസ്.എയും ചുമത്തിക്കൊള്ളൂ.
പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരും; അവസാന ശ്വാസം വരെ ഞങ്ങള്‍ പോരാടും. ഞങ്ങള്‍ മൗനം പാലിക്കില്ല, കാരണം ഭയന്ന് ജീവിച്ച് ഞങ്ങള്‍ മടുത്തിരിക്കുന്നു. ഇനി ഞങ്ങള്‍ ഭയപ്പെടില്ല.
നിങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും ഈ പ്രതിഷേധത്തെ വന്‍ വിജയമാക്കിത്തീര്‍ക്കുകയും ചെയ്യുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നെ തടഞ്ഞുവെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ – എന്താണ് സംഭവിക്കുക എന്ന് എനിക്കറിയില്ല – പ്രതിഷേധം അവിടെ അവസാനിക്കരുത്. അതിന്റെ ഉത്തരവാദിത്തം നിങ്ങളിലാണ്.
ഇതൊരു രാജ്യത്തിന്റെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്. അതിനാല്‍, ഈ മുന്നേറ്റത്തെ ഏതെങ്കിലും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാക്കരുത്. മറിച്ച്, ഇന്ത്യന്‍ ഭരണഘടനയെയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തെയും കേന്ദ്രീകരിച്ചാക്കുക. അതാണ് നമുക്ക് ആവശ്യം.
എന്റെ അറസ്റ്റോ തടവോ ഈ പ്രതിഷേധത്തെ തടസ്സപ്പെടുത്താന്‍ ഇടയാക്കരുത്. മഹാത്മാഗാന്ധിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്ന വിധത്തില്‍ ഈ പ്രതിഷേധത്തെ വന്‍ വിജയമാക്കി മാറ്റേണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ, ഭരണഘടനയില്‍ വിശ്വസിക്കുകയും ഈ രാജ്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്.
Content Highlight: Video Message of Abhijeet Dipke, Before Jantar mantar Protest Demanding Sacking of Gyanesh and Freezing of SIR