സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ ജനുവരി 22ന് തിയേറ്ററുകളില്‍ എത്തുന്ന ചത്താ പച്ച. 2026ല്‍ ഏറ്റവും ഹൈപ്പോട് കൂടെ വരുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ പ്രമേയമായെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിങ് ആരംഭിക്കുമെന്ന് അറിയിച്ച് കൊണ്ട് മലയാളത്തിന്റെ മോഹന്‍ലാലുമായി ചത്താ പച്ച ടീം വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ചത്താ പച്ചക്ക് വളരെ സ്‌പെഷ്യലായിട്ടുള്ള ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു, ഇന്ന് വൈകീട്ട് വലിയൊരു വെളിപ്പെടുത്തലുണ്ടാകുമെന്ന് അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു.
മോഹന്‍ലാലും ചിത്രത്തിന്റെ ഭാമാകുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചത്താ പച്ചക്ക് താന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞുവെന്ന് ലാലേട്ടന്‍ പറയുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
‘ ചത്താ പച്ച എന്ന സിനിമ ഈ വരുന്ന ജനുവരി 22ന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തുമുണ്ട്. അതുകൊണ്ട് ഈ സിനിമയുടെ ആദ്യത്തെ ടിക്കറ്റ് ഞാന്‍ ബുക്ക് ചെയ്യാന്‍ പോകുകയാണ്. ചത്താ പച്ച….,’ മോഹന്‍ലാല്‍ പറയുന്നു.
വീഡിയോയില്‍ ഞാനും എന്റെ അടുത്ത സുഹൃത്തുമുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറയുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അതിഥിവേഷത്തിലെത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രേക്ഷകര്‍ കേട്ടതാണ്. സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയെത്തിയതും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
തന്റെ അടുത്ത സുഹൃത്തെന്ന് ലാലേട്ടന് പറയുന്നത് ഇച്ചാക്കയെ (മമ്മൂട്ടി) കുറിച്ചാണെന്ന് ആരാധകര്‍ ഉറപ്പിച്ച് കഴിഞ്ഞു. പിന്നെ എന്റെ അടുത്തൊരു സുഹൃത്തുമുണ്ട് ഇവര്‍ വാള്‍ട്ടര്‍ ആശാന്‍ എന്ന് വിളിക്കും തുടങ്ങിയ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. സിനിമയില്‍ മലയാളത്തിന്റെ ബിഗ് എമ്മുകളായ മോഹന്‍ലാലും മമ്മൂട്ടിയും ചത്താ പച്ചയില്‍ ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇരുവരും കാമിയോ റോളില്‍ എത്തുന്നുണ്ടെങ്കില്‍ തിയേറ്റര്‍ പൂരപറമ്പാകുമെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബോളിവുഡ് വമ്പന്‍മാരായ ശങ്കര്‍, എഹ്‌സാന്‍ ലോയ് ആണ്. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Video hints that Mohanlal will be seen in Chatha Pacha’s film goes viral