| Monday, 25th May 2026, 6:28 pm

പരിപാടിയ്ക്ക് വന്നും പോയി ഇറങ്ങി ഓടാനും വയ്യ; ഷൈജു ദാമോദരന്റെ കമന്ററിയില്‍ അന്തംവിട്ട് നസ്‌ലെന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലെ അടുത്ത സൂപ്പര്‍താരമെന്ന രീതിയില്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് നസ്‌ലെന്റെത്. 2019 ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച താരം കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഗിരീഷ് എ.ഡിയുടെ തന്നെ പ്രേമലുവിലൂടെ താരം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും തന്റെതായ മാര്‍ക്കറ്റ് മലയാള സിനിമയില്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു.

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനൊപ്പം നസ്‌ലെന്‍ തന്റെ കരിയറില്‍ മറ്റൊരു വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

നസ്‌ലെന്‍. Photo: Sony Music Malayalam

കഴിഞ്ഞ ദിവസം ലുലുമാളില്‍ വെച്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെ കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നസ്‌ലെനുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. മോളിവുഡ് ടൈംസിന്റെ പ്രൊമോഷന്റെ ഭാഗമായി കൂടി വേദിയിലെത്തിയ നസ്‌ലെനെ സ്വീകരിക്കാന്‍ ഷൈജു ദാമോദരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞ വാക്കുകളും ഇത് കേട്ടുകൊണ്ട് നിന്ന താരത്തിന്റെ ഭാവങ്ങളുമാണ് ചിരിയുണര്‍ത്തുന്നത്.

‘ഒരു കൈയടി കൊടുക്കുക, മലയാളത്തിന്റെ താരരാജകുമാരന്. മലയാളത്തിന്റെ യുവതാരചക്രവര്‍ത്തി, നാളെകളില്‍ മലയാള സിനിമ ഭരിക്കാന്‍ പോകുന്ന കൊടുങ്ങല്ലൂരുകാരന്‍. മതിലകത്തുകാരന്‍, നസ്‌ലെന്‍ ഗഫൂര്‍,’ എന്നായിരുന്നു ആവേശത്തോടെ ഷൈജു ദാമോദരന്‍ നസ്‌ലെനെ കുറിച്ച് പറഞ്ഞ വാക്കുകള്‍. ഇത് കേട്ട് നില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് കുഴങ്ങുന്ന നസ്‌ലെനെയും കാണാം.

ഇതിന് താഴെ താരം മനസില്‍ വിചാരിച്ച കാര്യങ്ങളെന്നോണം വരുന്ന കമന്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അത്രയും ആളുകളുടെ മുമ്പില്‍ വെച്ച് നിര്‍ത്തി പുകഴ്ത്തുമ്പോള്‍ എന്ത് ചെയ്യും എന്നാലോചിച്ച് നിസഹായനായാണ് നസ്‌ലെന്റെ നില്‍പ്പെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പരിപാടിയ്ക്ക് വരേണ്ടിതില്ലായിരുന്നുവെന്ന് താരത്തിന് തോന്നിയിട്ടുണ്ടാകുമെന്നും ഇറങ്ങി ഓടാന്‍ ആലോചിച്ചിട്ടുണ്ടാകുമെന്നും പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നു.

Photo: Sony Music Malayalam

സക്‌സസ് ട്രിലോജിയില്‍ അഭിനവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ മോളിവുഡ് ടൈംസില്‍ ജഗദീഷ്, അലക്‌സാണ്ടര്‍ പ്രദീപ്, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, ചന്തു സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്.

Content Highlight: Video goes viral which commentator shaiju Damodaran praises Actor Naslen K Gafoor

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more