| Thursday, 19th November 2026, 6:20 pm

നൂറിന്റെ ഒരു മാസ് ചിത്രം പ്രതീക്ഷിക്കാമോ എന്ന് ചോദ്യം; എന്റെ പൊന്നു മോളെ, അത് വേണ്ടെന്ന് പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് ആന്റണി വര്‍ഗീസ് പെപ്പെ. അങ്കമാലി ഡയറീസില്‍ തനി അങ്കമാലിക്കാരനായിട്ടുള്ള പെപ്പെയുടെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത ആന്റണി മോളിവുഡിലെ ആക്ഷന്‍ ഹീറോകളില്‍ ഒരാളായി മാറി.

ഗംഭീര പഞ്ചുള്ള ഇടിയാണ് പെപ്പെയുടെ ഹൈലൈറ്റ്. അടുത്തിടെ പുറത്തിറങ്ങിയ ഐ ആം ഗെയിമിലും ഡിസ്‌കോയിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ വിക്കി എന്ന ക്രിക്കറ്ററായാണ് പെപ്പെ വേഷമിട്ടത്. ദുല്‍ഖറിനെപ്പോലെ വലിയ സ്‌ക്രീന്‍ സ്പെയ്സുള്ള കഥാപാത്രം തന്നെയായിരുന്നു വിക്കി. എന്നാല്‍ ചിത്രത്തിന് പരാജയമായിരുന്നു ഫലം.

ആന്റണി വര്‍ഗീസ് പെപ്പെ. Photo Ott Play

ഈ വര്‍ഷം ആന്റണിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും തന്നെ പച്ച തൊട്ടിരുന്നില്ല. വമ്പന്‍ ഹൈപ്പില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രം കാട്ടാളന്‍ ഡിസാസ്റ്ററായപ്പോള്‍, ഡിസ്‌കോയ്ക്കും ഇതുതന്നെയായിരുന്നു ഫലം. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയുള്ള ആന്റണി വര്‍ഗീസിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തിരക്കഥാകൃത്തും അഭിനേത്രിയുമായ നൂറിന്‍ ഷെരീഫിനൊപ്പം വേദി പങ്കിടവെയായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ഭ ഭ ബയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ നൂറിന്‍ ഷെരീഫിനോട് ആന്റണിയെ വെച്ച് ഒരു മാസ് ചിത്രം പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ആന്റണി നല്‍കിയ കമന്റാണ് വൈറലാകുന്നത്.

ഭ ഭ ബ. Photo: Sree Gokulam Movies

ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ എന്റെ പൊന്ന് മോളേ വേണ്ട, ഞാന്‍ എന്റെ വഴിക്ക് പൊയ്‌ക്കൊള്ളാം എന്നായിരുന്നു ആന്റണി മറുപടി പറഞ്ഞത്. ഇത് വേദിയിലാകെ ചിരി പടര്‍ത്തുകയും ചെയ്തു. നൂറിനും പങ്കാളി ഫാഹിം സഫറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഭ ഭ ബയ്ക്ക് വലിയ ട്രോളുകളായിരുന്നു സിനിമാലോകത്ത് നിന്നും ലഭിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഇരുവര്‍ക്കും നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതേസമയം തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും ട്രാക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ആന്റണി വര്‍ഗീസെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Video goes viral where Antony Varghese comments on movie with Noorin Shereef

We use cookies to give you the best possible experience. Learn more