മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളാണ് മമ്മൂട്ടിയും ഇന്ദ്രന്‍സും. ദശാബ്ദങ്ങളായി മലയാള സിനിമയിലെ വ്യത്യസ്തമാര്‍ന്ന നായകവേഷങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് മമ്മൂട്ടിയെങ്കില്‍ കരിയറിന്റെ തുടക്കകാലത്ത് ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത് സമീപകാലത്ത് അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്ത് ഞെട്ടിച്ച അഭിനേതാവാണ് ഇന്ദ്രന്‍സ്.
Photo: screen grab/ variety media/ Youtube.com
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഫെബ്രുവരി 5 ന് തിയേറ്ററിലെത്തുന്ന ആശാന്റെ പ്രീറിലീസ് ഇവന്റില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പരിപാടിയുടെ അവസാന ഭാഗത്ത് ആശാന്‍ ടീം മമ്മൂട്ടിക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ നടന്ന സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് ആധാരം.
പരിപാടിയുടെ അവസാന ഭാഗത്ത് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമടക്കം പ്രീ റിലീസ് ഇവന്റില്‍ അതിഥിയായെത്തിയ മമ്മൂട്ടിക്കൊപ്പം ഫോട്ടെയെടുക്കാന്‍ പോസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. എല്ലാവരും പോസ് ചെയ്തതിന് ശേഷമാണ് ഇന്ദ്രന്‍സ് വേദിയിലേക്ക് ഓടിയെത്തുന്നത്. എത്തിയയുടന്‍ ഫോട്ടെയെടുക്കുന്ന മമ്മൂട്ടിയുടെ മുമ്പില്‍ കാലിനടുത്തായി ഇന്ദ്രന്‍സ് മുട്ടുകുത്തിയിരിക്കുകയായിരുന്നു.
എന്നാല്‍ ഇതില്‍ ക്ഷുഭിതനായ താരം ഉടന്‍ തന്നെ ഇന്ദ്രന്‍സിനോട് അവിടെ നിന്നും എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് കാണാം. ഇത് കേട്ട് ഉടന്‍ തന്നെ ഇന്ദ്രന്‍സ് എഴുന്നേറ്റ് പിന്നിലേക്ക് മാറി ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്.
Photo: IMDB
ഈയടുത്തിടെയായി ഇന്ദ്രന്‍സിന് അതിവിനയമാണെന്നാണ് താരത്തിനെതിരെയുള്ള വിമര്‍ശനം. എന്നാല്‍ പെട്ടെന്ന് വേദിയിലേക്ക് ഓടി വന്നപ്പോള്‍ പിന്നിലുള്ളവരെ ഫോട്ടോയില്‍ മറയ്ക്കാതിരിക്കാന്‍ വേണ്ടിയാണ് ഇന്ദ്രന്‍സ് ഇരുന്നതെന്നും അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് തന്റെ കാലിനടുത്ത് ഇരുന്നത് കൊണ്ടാണ് മമ്മൂട്ടി വഴക്ക് പറഞ്ഞതെന്നും താരത്തിന്റെ രീതിയിതാണെന്നും മമ്മൂട്ടിയെ പിന്തുണക്കുന്നവരുമുണ്ട്.
ഗപ്പി, അമ്പിളി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആശാന്‍. ഗപ്പി സിനിമാസ് നിര്‍മിച്ച ചിത്രത്തില്‍ നൂറിലധികം പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്.
Content Highlight: Video from Pre release event of Aashan movie went viral