| Friday, 7th February 2025, 6:26 pm

രജിനിയും അജിത്തും തലകുത്തി നിന്ന് ശ്രമിച്ചിട്ടും വീണില്ല, തമിഴ്‌നാട് ബോക്‌സ് ഓഫീസ് കിങ് വിജയ് തന്നെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ സ്റ്റാര്‍ ആരെന്ന് പലപ്പോഴും ഉയരുന്ന ചോദ്യമാണ്. ഏറ്റവുമധികം ആരാധകരുള്ള താരം രജിനിയാണെന്ന് ചിലര്‍ പറയുമ്പോള്‍ ഫാന്‍സ് ക്ലബ് പിരിച്ചുവിട്ടിട്ടും സ്റ്റാര്‍ഡം കുറയാത്ത അജിത്താണെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇവരാരുമല്ല, വിജയ്‌യാണ് തമിഴിലെ ഏറ്റവും വലിയ താരമെന്ന് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

ഒരു നടന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നത് അയാള്‍ ചെയ്ത സിനിമകളുടെ ആദ്യദിന കളക്ഷനാണ്. അത് നോക്കിയാല്‍ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫീസ് കിങ് വിജയ് ആണെന്ന് തര്‍ക്കമില്ലാതെ പറയാന്‍ സാധിക്കും. തമിഴ്‌നാട്ടില്‍ 30 കോടിക്കുമുകളില്‍ ആദ്യദിന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ആകെ നാല് ചിത്രങ്ങളേ ഉള്ളൂ.

എന്നാല്‍ ആ നാലിലും വിജയ് തന്നെയാണ് നായകന്‍ എന്നറിയുമ്പോള്‍ വിജയ്‌യുടെ ബോക്‌സ് പവര്‍ വ്യക്തമാകും. തമിഴിലെ മറ്റ് ടൈര്‍ 1 നടന്മാരായ അജിത്തിനും രജിനികാന്തിനും ഇത് സാധ്യമായിട്ടില്ലെന്ന് അറിയുമ്പോള്‍ വിജയ് എന്ന സ്റ്റാറിന്റെ വലുപ്പം മനസിലാവുക. 2022ല്‍ പുറത്തിറങ്ങിയ ബീസ്റ്റാണ് തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രം. 37 കോടിയാണ് ചിത്രം നേടിയത്. ആദ്യ ഷോ അവസാനിച്ചപ്പോള്‍ തന്നെ നെഗറ്റീവ് റിവ്യൂ വന്നിട്ടാണ് വിജയ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

ബീസ്റ്റിന്റെ ഓപ്പണിങ് റെക്കോഡ് തകര്‍ക്കുമെന്ന അവകാശവാദവുമായി എത്തിയ വലിമൈ ആദ്യദിനം വെറും 27 കോടി മാത്രമാണ് നേടിയത്. പിന്നീടെത്തിയ അജിത് ചിത്രങ്ങളായ തുനിവിനും വിടാമുയര്‍ച്ചിക്കും 30 കോടി താണ്ടാന്‍ സാധിച്ചില്ല. വന്‍ ഹൈപ്പിലെത്തിയ വിടാമുയര്‍ച്ചി 27 കോടിയാണ് ആദ്യദിനം നേടിയത്. നോണ്‍ ഹോളിഡേ റിലീസില്‍ ഇത്ര വലിയ കളക്ഷന്‍ തമിഴില്‍ അസാധാരണമായ ഒന്ന് തന്നെയാണ്.

തമിഴിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ലിയോയാണ് തമിഴ്‌നാട് ഓപ്പണിങ്ങില്‍ രണ്ടാമത്. 35 കോടിയാണ് വിജയ്- ലോകേഷ് ചിത്രം സ്വന്തമാക്കിയത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (32 കോടി), സര്‍ക്കാര്‍ (30 കോടി) എന്നിങ്ങനെയാണ് വിജയ് ചിത്രങ്ങളുടെ തമിഴ്‌നാട് ഓപ്പണിങ്. രജിനികാന്തിന്റെ വേട്ടയ്യനാണ് തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രം. 27 കോടിയാണ് ചിത്രം നേടിയത്.

കരിയറിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ സിനിമാജീവിതത്തിന് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്‌യുടെ അഭാവം തമിഴ്‌നാട് ബോക്‌സ് ഓഫീസിനെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായി ഒരുങ്ങുന്ന ജന നായകന്‍ തമിഴ്‌നാട്ടില്‍ നിന്ന് അത്ര കളക്ഷന്‍ നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Vidaamuyarchi can’t break the opening collection of Beast movie

We use cookies to give you the best possible experience. Learn more