ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ ടി.വി.കെ സ്ഥാനാര്‍ഥി വി.എസ്. ബാബു നേടിയ വിജയം ചോദ്യം ചെയ്ത് ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റാലിന്‍ ഹരജി സമര്‍പ്പിച്ചത്.
മണ്ഡലത്തില്‍ ഉപയോഗിച്ച 286 ഇ.വി.എമ്മുകളും പരിശോധിച്ച് സ്ഥിരീകരിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂരില്‍ വി.എസ്. ബാബു 82,997 വോട്ടുകള്‍ നേടിയപ്പോള്‍ സ്റ്റാലിന് 74,202 വോട്ടുകളാണ് ലഭിച്ചത്. 8,795 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബു വിജയിച്ചത്. ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ മണ്ഡലത്തിലെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മേയ് ഏഴിന് 286 പോളിങ് സ്റ്റേഷനുകളില്‍ 14 എണ്ണത്തിലെ ഇ.വി.എമ്മുകളും വിവിപാറ്റുകളും പരിശോധിക്കണമെന്ന് സ്റ്റാലിന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഏകദേശം മൂന്ന് മാസത്തിന് ശേഷം ജൂലൈ 29നാണ് പരിശോധന ആരംഭിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പോളിങ് സ്റ്റേഷനുകള്‍ 1, 4, 17, 28, 32, 75, 78, 79, 84, 87, 112, 122, 157, 170 എന്നിവിടങ്ങളിലെ യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.
പരിശോധനയ്ക്കിടെ 28, 75 പോളിങ് സ്റ്റേഷനുകളിലെ ഓരോ വിവിപാറ്റ് വീതം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയെന്നും തകരാറിന്റെ കാരണം കൃത്യമായി വ്യക്തമാക്കിയില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. കൂടാതെ 14 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് പ്രിന്റഡ് സ്ലിപ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലം സംബന്ധിച്ച വിവരവും ലഭ്യമല്ലായിരുന്നെന്നാണ് ഹരജിയിലെ പറയുന്നു.
79-ാം പോളിങ് സ്റ്റേഷനില്‍ രണ്ട് ബാലറ്റ് യൂണിറ്റുകള്‍ ബന്ധപ്പെട്ട അഡ്രസ് ടാഗുകളുമായി പൊരുത്തപ്പെട്ടില്ലെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ 208-ാം പോളിങ് സ്റ്റേഷനിലെ പരിശോധനയ്ക്കിടെ മറ്റൊരു പ്രശ്‌നവും ഉണ്ടായതായി ഹരജിയില്‍ പറയുന്നു.
സ്റ്റാലിന്റെ പേര് അച്ചടിച്ചിരുന്ന ആദ്യ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് തിരിച്ചറിയാത്ത സാഹചര്യമുണ്ടായെന്നാണ് ആരോപണം. ഇത്തരം പ്രശ്‌നങ്ങള്‍ മറ്റിടങ്ങളിലും ഉണ്ടായിട്ടുണ്ടോയെന്നും എത്ര ബാലറ്റ് യൂണിറ്റുകള്‍ ഇത്തരത്തില്‍ കണക്കില്‍പ്പെടാതെ പോയിട്ടുണ്ടാകാമെന്നും സ്റ്റാലിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ കൃത്യമായ വിശദീകരണം നല്‍കുകയോ ചെയ്യാതെയാണ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈ വീഴ്ചയ്ക്ക് ഒരു കാരണമോ വിശദീകരണമോ നല്‍കിയിട്ടില്ല, ബി.ഇ.എല്ലിന്റെ എഞ്ചിനീയര്‍മാരുടെ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിട്ടുമില്ല. ഇത് സുതാര്യത വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പ്രക്രിയയെ പൂര്‍ണ്ണമായും അവ്യക്തവുമാക്കുന്നു,’ സ്റ്റാലിന്‍ ഹരജിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.
വിവിപാറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയിലെ വോട്ടുകണക്കുകളില്‍ ഉണ്ടായതായി പറയുന്ന പൊരുത്തക്കേടുകളും ഇവിഎമ്മുകളിലെ സാങ്കേതിക തകരാറുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നടപടിയുടെ സുതാര്യത ഉറപ്പാക്കാന്‍ സമഗ്ര പരിശോധന ആവശ്യമാണെന്നാണ് സ്റ്റാലിന്റെ നിലപാട്.
അതിനാല്‍ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണുകയും 286 ഇവിഎമ്മുകളും പരിശോധിക്കുകയും ചെയ്യണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യം.
Content Highlights: Victory of TVK MLA in Kolathur: Stalin approaches Madras High Court.