| Monday, 23rd November 2026, 11:42 am

സമര വിജയം: കാലടി സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസ വിധി; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി

ശ്രീലക്ഷ്മി പി.പി

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ചരിത്രവിജയം. സമരത്തെത്തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല സ്വീകരിച്ച സസ്പെൻഷൻ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

സസ്പെൻഷൻ കാരണം നവംബറിലെ പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകി.

വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടും കോടതി തള്ളിക്കളഞ്ഞു. ഇതോടെ നിയമപോരാട്ടത്തിൽ സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയേറ്റു.

ക്യാമ്പസിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രതിഷേധ നാടകത്തിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. വൈസ് ചാൻസലറെ ആക്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്യുകയും നവംബറിലെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ശ്യാംജിത്ത്, അതുല്യ, അശ്വന്ത്, അർച്ചന, ആശ്രിത, ശിവകുമാർ, ഫസ്‌ന, ഡോണ മരിയ, ശ്രദ്ധ, വിസ്മയ, വിപിൻ മാത്യു, അനഘ, അരുണിമ, ജിഷ്ണു സുരേഷ്, റിതിഷ, അഭിജിത് കെ.വി. എന്നീ വിദ്യാർത്ഥികൾക്കെതിരെയായിരുന്നു നടപടി.

വിദ്യാർത്ഥികളുടെ സമരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ അപരിഷ്കൃതം എന്ന് വിമർശിച്ചതും, സർവകലാശാലയുടെ നടപടികൾക്ക് സർക്കാർ പിന്തുണ നൽകിയതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിനിടെ 16 പേരിൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാൻ സർവകലാശാല തീരുമാനിച്ചെങ്കിലും, നാല് പേരുടെ സസ്പെൻഷൻ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളിക്കളഞ്ഞ എസ്.എഫ്.ഐ, അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മാപ്പും പറയില്ല, ഒരു കോപ്പും പറയില്ല എന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ഉൾപ്പെടെയുള്ളവർ.

22 ദിവസമായി തുടരുന്ന നിരാഹാര സമരത്തിനിടെ, ആദ്യഘട്ടത്തിൽ നിരാഹാരമിരുന്ന മൂന്ന് വിദ്യാർത്ഥികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് മറ്റ് മൂന്ന് വിദ്യാർത്ഥികൾ നിരാഹാരം ഏറ്റെടുത്തു.

എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ഈ സമരത്തിന് പിന്തുണയുമായി നടൻ പ്രകാശ് രാജ്, ജസ്റ്റിസ് കെ. ചന്ദ്രു തുടങ്ങി നിരവധി പ്രമുഖ സാംസ്കാരിക-സാമൂഹിക പ്രവർത്തകർ സമരപ്പന്തലിൽ എത്തിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയുടെ അനുകൂല വിധി വിദ്യാർത്ഥികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്.

Content Highlight:Victory for the Protest: Relief for Kalady University Students; High Court Quashes Suspensions.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more