| Friday, 11th September 2026, 5:03 pm

ഫലസ്തീന്‍ അനുകൂല നിലപാടിന് വിജയം; യു.എസ് പ്രൈമറിയില്‍ 27കാരന്‍ ഡേവിഡ് മൊറേല്‍സിന് മുന്നേറ്റം

അഞ്ജു ചന്ദ്രന്‍

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ ഇരുപത്തിയേഴുകാരന്‍ ഡേവിഡ് മൊറേല്‍സ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് നഗരത്തിലെ മേയര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി.

നിലവിലെ മേയര്‍ ബ്രെറ്റ് സ്‌മൈലിയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് പ്രൈമറിയില്‍ മൊറേല്‍സ് വിജയം നേടിയത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവിഡ് ടാലനെ മൊറേല്‍സ് നേരിടും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മൊറല്‍സിന്‌ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള പുരോഗമന നേതാക്കളുടെ പിന്തുണ ലഭിച്ചിരുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാടക നിയന്ത്രണം, കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ താങ്ങാനാകുന്ന ഭവനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ പ്രധാന്യം. പ്രൊവിഡന്‍സിലെ ഉയര്‍ന്ന വാടക നിരക്കിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയവും പ്രൈമറി തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി. ഗസയിലെ ഇസ്രഈല്‍ നടപടികളെ വിമര്‍ശിച്ച മൊറേല്‍സ് ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നഗരത്തിന്റെ നിക്ഷേപങ്ങള്‍ ഇസ്രഈലുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നവംബറിലെ ബാലറ്റ് നടപടിയെയും അദ്ദേഹം പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബ്രെറ്റ് സ്‌മൈലി ഈ നടപടിയെ എതിര്‍ത്തിരുന്നു. മൊറാലസിന്റെ വിജയം അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന് ലഭിച്ച മറ്റൊരു ശ്രദ്ധേയ നേട്ടമായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂയോര്‍ക്ക്, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാക്കള്‍ അടുത്തിടെ മുന്നേറ്റം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നവംബറില്‍ മൊറേല്‍സ് വിജയിച്ചാല്‍ പ്രൊവിഡന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി അദ്ദേഹം മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Victory for pro-Palestine stance; 27-year-old David Morales makes gains in US primary.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more