ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (വൈ.എസ്.ആര്‍.സി.പി) പ്രസിഡന്റുമായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ സന്ദര്‍ശിച്ച് ഇന്ത്യ സംഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. തെരഞ്ഞെടുപ്പില്‍ റെഡ്ഡി വൈ.എസ്.ആറിന്റെ പിന്തുണ ആവശ്യപ്പെട്ടെങ്കിലും ജഗന്‍ മോഹന്‍ റെഡ്ഡി അത് നിരസിച്ചു.
ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഡി.എ) പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ പിന്തുണ അവര്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റെഡ്ഡിയുടെ ക്ഷണം നിരസിച്ചത്.
‘ജസ്റ്റിസ് സുദര്‍ശനന്‍ റെഡ്ഡിയോട് എനിക്ക് വ്യക്തിപരമായി വളരെയധികം ബഹുമാനമുണ്ട്. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. എന്നാല്‍ എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കാമെന്ന് ഞാന്‍ പറഞ്ഞു,’ ജഗന്‍ പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ജഗന്‍ മോഹന്‍ മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണനെ പിന്തുണക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയായിരുന്നു.
നാല് ലോക്‌സഭാ സീറ്റുകളും ഏഴ് രാജ്യസഭാ സീറ്റുകളും കൈവശം വെച്ചിരിക്കുന്ന വൈ.എസ്.ആര്‍.സി.പി സ്ഥിരമായി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ട്.
ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രാജിവെച്ചത്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് സുദര്‍ശന്‍ റെഡ്ഡി. മമതാ ബാനര്‍ജിയാണ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സി.പി. രാധാകൃഷ്ണനാണ്. സെപ്റ്റംബര്‍ ഒന്‍പതാം തീയതിയാണ് തെരഞ്ഞെടുപ്പ്.
സെപ്റ്റംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയ മത്സരത്തിന് വേദിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജഗ്ദീപ് ധന്‍കറിന്റെ രാജി പല വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. ധന്‍കറിനെ നിശബ്ദനാക്കിയെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുകയും ധന്‍കര്‍ എവിടെയാണെന്ന് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നതുപോലെ ധന്‍കര്‍ വീട്ടുതടങ്കലിലല്ലെന്ന് അമിത് ഷാ മറുപടി നല്‍കി.
ജഗ്ദീപ് ധന്‍കര്‍ സ്ഥാനം രാജിവെച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നന്നും അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Vice Presidential Election: YSR Congress Party says it will not support Sudarshan Reddy, supports NDA