| Sunday, 31st August 2025, 11:19 am

എം.എല്‍.എ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയിലെ മുന്‍ എം.എല്‍.എ എന്ന നിലയിലുള്ള തന്റെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കി ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.

1993-നും 1998-നും ഇടയില്‍ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു ധന്‍ഖര്‍. കാലാവധി പൂര്‍ത്തിയാക്കിയതോടെ പെന്‍ഷന് അര്‍ഹനാകുകയും 2019 ജൂലൈ വരെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.

2019-ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായപ്പോള്‍ ധന്‍ഖറിന് ലഭിച്ചിരുന്ന പെന്‍ഷന്‍ നിര്‍ത്തിവച്ചിരുന്നു.

മുന്‍ എംഎല്‍എ ഭരണഘടനാ പദവിയോ സര്‍ക്കാര്‍ പദവിയോ വഹിക്കുമ്പോള്‍ പെന്‍ഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് നിയമം.

പിന്നീട് ഉപരാഷ്ട്രപതിയായപ്പോഴും ഇത് തുടര്‍ന്നു. 2025 ജൂലൈയില്‍ അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതോടെയാണ് പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയത്.

ധന്‍ഖറിന് ലഭിക്കുന്ന പെന്‍ഷന്‍ പ്രതിമാസം 35,000 രൂപയാണ് ആണ്. ഇതിന് പുറമെ യാത്രാ, ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും അദ്ദേഹം അര്‍ഹനാണ്.

75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഈ പെന്‍ഷന്‍ 42,000 ആയി ഉയരും. പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അസംബ്ലി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

1951-ല്‍ ഝുന്‍ഝുനുവില്‍ ജനിച്ച ധന്‍ഖര്‍ പൊതുജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമം പഠിച്ചു.

അദ്ദേഹം ഒന്‍പതാമത്തെ ലോക്‌സഭയിലെ (1989-91) അംഗമായി സേവനമനുഷ്ഠിച്ചു, ഒരു തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് ഗവര്‍ണര്‍, ഉപരാഷ്ട്രപതി പദവികള്‍ വഹിച്ചു.

ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജി പല രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പൊതുജീവിതത്തില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ് ധന്‍ഖര്‍.

ജൂലൈ 21 ന് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ചതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിച്ചതോടെയാണ് മുന്‍ എംഎല്‍എ എന്ന നിലയിലുള്ള പെന്‍ഷന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ധന്‍ഖര്‍ രാജസ്ഥാന്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ വീണ്ടും അപേക്ഷ നല്‍കിയത്.

Content Highlight: Vice President Jagdeep Dhankhar demanded restoration of MLA pension

We use cookies to give you the best possible experience. Learn more