| Friday, 11th July 2025, 12:21 pm

കെ.എസ് അനില്‍ കുമാര്‍ ഒപ്പിട്ട ഫയല്‍ തിരിച്ചയച്ച് വി.സി; മിനി കാപ്പന്റെ ഫയല്‍ സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാര്‍ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയച്ച് കേരള സര്‍വകലാശാല താത്കാലിക വി.സി. മോഹനന്‍ കുന്നുമ്മല്‍. എന്നാല്‍ വി.സി തന്നെ രജിസ്ട്രാറായി നിയമിച്ച മിനി കാപ്പന്‍ ഒപ്പിട്ട ഫയല്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.  കെ.എസ്. അനില്‍ കുമാര്‍ അയച്ച മൂന്ന് ഫയലുകളാണ് തിരിച്ചയച്ചത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായ മിനി കാപ്പന്‍ അയച്ച 25 ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

കെ.എസ്. അനില്‍ കുമാര്‍ ഒപ്പുവെക്കുന്ന ഫയലുകള്‍ മാറ്റി വെക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തര ഫയലുകള്‍ തനിക്ക് നേരിട്ട് അയക്കാനും വി.സിയുടെ നിര്‍ദേശമുണ്ട്. വി.സി സസ്‌പെന്‍ഡ് ചെയ്ത കെ.എസ് അനില്‍ കുമാറിന്റെ ഐ.ഡി കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് പുനസ്ഥാപിച്ചു.

രജിസ്ട്രാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ പിന്‍വാങ്ങി എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രജിസ്ട്രാര്‍ക്കെതിരെ ഇനി നടപടിക്കില്ലെന്നും ഈ വിഷയങ്ങള്‍ വി.സി കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് ഗവര്‍ണര്‍.

അതേസമയം വി.സിയുടെ നിര്‍ദേശം മറികടന്ന് രജിസ്ട്രാറെ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിപ്പിച്ച സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മോഹനന്‍ കുന്നുമ്മല്‍.

ഔദ്യോഗിക വാഹനം കെ.എസ്. അനില്‍ കുമാര്‍ ഉപയോഗിക്കുകയാണെന്നും വി.സി ആരോപിക്കുന്നുണ്ട്. അതേസമയം ഈ സംഭവങ്ങളില്‍ കോടതിയില്‍ നിന്ന് എന്തുകൊണ്ട് ഒരു ക്ലിയറന്‍സ് രജിസ്ട്രാര്‍ക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു. രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് എത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചോദിച്ചു.

സര്‍വകലാശാലയിലെ ഫയലുകള്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ അതോ വി.സി നിയമിച്ച രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന കാര്യം കേരള സര്‍വകലാശാലയ്ക്ക് അറിയില്ല. ഈ വൈസ് ചാന്‍സിലര്‍ രാജ്ഭവന്റെ ആളാണെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ എം.ജി സര്‍വകലാശാല വി.സിയായി നിയമിച്ചത് ഇതേ സര്‍ക്കാര്‍ തന്നെയല്ലേയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

അതേസമയം വിലക്ക് ലംഘിച്ച് രജിസ്ട്രാന്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചു എന്ന് കാണിച്ച് ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമാണന്നെും സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ട് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നാരോപിച്ചാണ് പരാതി.

Content Highlight: The Vice Chancellor returned the file signed by Registrar K.S. Anil Kumar

We use cookies to give you the best possible experience. Learn more