ഐ.പി.എല്‍ 2026 ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു.
ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം കിരീടം നിലനിര്‍ത്തുന്ന മൂന്നാം ടീമായി മാറിയിരിക്കുകയാണ് രജത് പാടിദാറിന്റെ ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്.
അതേസമയം മത്സരത്തില്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണറായ സായ് സുദര്‍ശനും മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡിനരികെയായിരുന്നു ഇരുവരും.
ഗില്‍ 10 റണ്‍സിനും സായ് 12 റണ്‍സിനും കൂടാരം കയറിയതോടെ ഈ റെക്കോഡിന്റെ തലപ്പത്ത് വൈഭവ് സൂര്യവംശി എന്ന ഒരു 15 വയസുകാരന്‍ തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവിന്റെ പക്കലുള്ളത്. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് ഗില്ല് നേടിയത്. സായ് 17 മത്സരങ്ങളില്‍ നിന്ന് 722 റണ്‍സും സ്വന്തമാക്കി.
എന്നാല്‍ ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്.
അതേസമയം ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാടാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ ടെയ്‌സ് മാസ്റ്റര്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു. ഇംപാക്ടായി ഇറങ്ങിയ വെങ്കിടേശ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സും നേടിയിരുന്നു.
ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം അഞ്ചാമനായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിനെ പിടിച്ചുയര്‍ത്തിയത്. താരം 37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 18 പന്തില്‍ നിഷാന്ത് സിന്ധു ടീമിന്റെ രണ്ടാം ടോപ് സ്‌കോററുമായി.
ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vibhav Sooryavanshi Have Great Records In IPL 2026