| Friday, 11th April 2025, 11:45 am

കലി തീരാതെ ഹിന്ദുത്വര്‍; ഛത്തീസ്ഗഡില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള നഴ്‌സിങ് കോളേജിലേക്ക് വി.എച്ച്.പി മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ കുംക്രിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് നഴ്‌സിങ് കോളേജിലേക്ക് വി.എച്ച്.പി മാര്‍ച്ച്. കോളേജ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് വി.എച്ച്.പിയുടെ മാര്‍ച്ച്. ആവശ്യം ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് വി.എച്ച്.പി പരാതി നല്‍കി.

നേരത്തെ കോളേജിലെ മലയാളി അധ്യാപികക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിനിയും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരുന്നത്.

ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ബിന്‍സി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വി.എച്ച്.പി പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം കോളേജ് വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളിക്രോസ് കോളേജ് അധികൃതര്‍ പ്രതികരിച്ചിരുന്നു. കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് മതിയായ ഹാജര്‍ ഇല്ലായിരുന്നു. ജനുവരി മുതല്‍ ക്ലാസുകളില്‍ നിന്നും ആശുപത്രി ജോലികളില്‍ നിന്നും വിദ്യാര്‍ത്ഥി വിട്ട് നില്‍ക്കുകയായിരുന്നു.

ഇതിനാല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി വ്യാജപരാതി നല്‍കിയെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഏപ്രില്‍ രണ്ടിനാണ് മതംമാറാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും പൊലീസ് സൂപ്രണ്ടിനും പെണ്‍കുട്ടി പരാതി നല്‍കിയത്. നിലവില്‍ നൂറിലധികം വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരാണ് നഴ്‌സിങ് കോളേജിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാരില്‍ വി.എച്ച്.പി സമ്മര്‍ദം ചെലുത്തുകയാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ കൈവശം വെച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണെന്നും ഇത് തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ ഇത് പിന്‍വലിക്കുകയും ചെയ്തു.

ഇതിനുപുറമെ മുസ്‌ലിം സമുദായത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ബില്ലിനെ ഒരു വിഭാഗം ക്രൈസ്തവ സംഘടനകള്‍ അനുകൂലിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വി.എച്ച്.പി പ്രതിഷേധവുമായി രംഗത്തുള്ളത്.

Content Highlight: VHP marches to Catholic-run nursing college in Chhattisgarh

We use cookies to give you the best possible experience. Learn more