ന്യൂദല്‍ഹി: പബ്ബുകളില്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ അടിക്കുകയാണെങ്കില്‍ അവര്‍ ചെയ്യുന്നത് നല്ലകാര്യമാണെന്ന് മംഗളുരുവിലെ വി.എച്ച്.പി സെക്രട്ടറി ശരണ്‍ പമ്പ്‌വെല്‍. ദ ക്യുന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പബ്ബുകളില്‍ നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ആരെങ്കിലും മര്‍ദ്ദിക്കുകയാണെങ്കില്‍ അവര്‍ ചെയ്യുന്നത് നല്ലകാര്യമാണ്. അതില്‍ യാതൊരു തെറ്റുമില്ല.” എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ തീരദേശമേഖലയില്‍ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പു കാമ്പെയ്ന്‍ ചെയ്യുകയാണ് ശരണ്‍. “യുവതികള്‍ പബ്ബില്‍ പോകുകയാണെങ്കില്‍ അവര്‍ നൃത്തം ചെയ്യുകയും ഡാന്‍സ് ചെയ്യുകയും ചെയ്യും. മയക്കുമരുന്നും ഉപയോഗിക്കും. ഈ പബ്ബുകളില്‍ സെക്‌സ്മാഫിയയുമുണ്ടാകും. നമുക്ക് വെറുതെ മിണ്ടാതെ നോക്കിയിരിക്കാനാവുമോ? മികച്ച സംസ്‌കാരമുള്ള സാംസ്‌കാരിക കേന്ദ്രമാണ് മാംഗലൂര്‍. അതുകൊണ്ടാണ് യുവാക്കള്‍ ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.” എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സദാചാര പൊലീസിങ്ങിനെ ബോധവത്കരണമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്തു അദ്ദേഹം. ” ടെലിവിഷനുകളില്‍ നിങ്ങള്‍ കണ്ടിട്ടില്ലേ മദ്യം ആരോഗ്യത്തിന് ഹാനികരമാണ്” എന്ന് പരസ്യം. എന്തിനാണ് അവര്‍ അത് കാണിക്കുന്നത്? കാരണം അവര്‍ മദ്യപാനത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുകയാണ്. അതുതന്നെയാണ് യുവാക്കളും ചെയ്യുന്നത്.” എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
കര്‍ണാടകയുടെ തീരദേശമേഖലയില്‍ ഹിന്ദുക്കള്‍ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയാണ് വി.എച്ച്.പി ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്. ഹിന്ദുക്കള്‍ക്കുവേണ്ടി വോട്ടു ചെയ്യാന്‍ എല്ലാ ഹിന്ദുക്കളോടും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.